കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും ഉപയോഗമില്ലാതെ പമ്പ് ഹൗസുകൾ
text_fieldsകൊട്ടിയം: കുടിവെള്ള ക്ഷാമം രൂക്ഷമായ മയ്യനാട് പഞ്ചായത്തിൽ പ്രവർത്തനരഹിതമായി നശിച്ചുകൊണ്ടിരിക്കുന്നത് പത്തിലധികം പമ്പ് ഹൗസുകൾ. എം.പിമാരുടെയും എം.എൽ.എമാരുടെയും ഫണ്ടുപയോഗിച്ച് സർക്കാർ വക സ്ഥലങ്ങളിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച പമ്പ് ഹൗസുകളാണ് നശിക്കുന്നത്. പമ്പ് ഹൗസുകൾക്കെല്ലാം കുഴൽകിണറും പമ്പ് ഓപറേറ്ററും ഉണ്ടായിരുന്നു. ഏതാനും വർഷം മുമ്പുവരെ നാട്ടുകാർക്ക് അത്താണിയായിരുന്ന പമ്പ് ഹൗസുകൾ പലതും ഇന്ന് സാമൂഹിക വിരുദ്ധരുടെ താവളങ്ങളാണ്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ വരവാണ് പമ്പ് ഹൗസുകൾ അടച്ചു പൂട്ടാൻ കാരണമാക്കിയത്. ജപ്പാൻ കുടിവെള്ള പദ്ധതിയിലെ വെള്ളം പഞ്ചായത്തിൽ മുഴുവൻ ലഭിക്കുമെന്നതിനാലാണ് പമ്പ് ഹൗസുകൾ അടച്ചുപൂട്ടിയത്. പൂട്ടിയ പമ്പ് ഹൗസുകളിലുണ്ടായിരുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.
പുനലൂരിലെ പനങ്കുറ്റിമലയിൽ നിന്നാണ് ജപ്പാൻ കുടിവെള്ള പദ്ധതിയിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. വെള്ളം കൊട്ടിയത്ത് എത്തുന്നതിന് മുമ്പ് എവിടെയെങ്കിലും പൈപ്പ് പൊട്ടിയാൽ മയ്യനാട്ടുകാരുടെ കുടി വെള്ളം മുട്ടും. ദേശീയപാതയുടെ പുനർനിർമാണം തുടങ്ങിയപ്പോൾ പൈപ്പ് പൊട്ടാത്ത ദിവസങ്ങളില്ലെന്ന സ്ഥിതി വന്നു. ഇതോടെ കൊട്ടിയത്തെ വാട്ടർ അതോറിറ്റി ഓഫിസ് സ്ഥിരം സമരകേന്ദ്രമായി മാറി. മയ്യനാട് പഞ്ചായത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും പൈപ്പിലൂടെ വെള്ളം ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
കുടിവെള്ളം കിട്ടാതായതോടെ ഗ്രാമപഞ്ചായത്തംഗങ്ങളാണ് വിഷമത്തിലായത്. ദിവസവും വാട്ടർ അതോറിറ്റി ഓഫിസിൽ കയറിയിറങ്ങേണ്ട സ്ഥിതിയാണ് അവർക്കുള്ളത്. പൂട്ടിയ പമ്പ് ഹൗസുകൾ പ്രവർത്തനക്ഷമമാക്കിയാൽ മയ്യനാട് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ കഴിയുമെന്ന് അംഗങ്ങളായ നാസറും, ഉമയനല്ലൂർ റാഫിയും പറഞ്ഞു. ഉമയനല്ലൂർ കൃഷിഭവന് സമീപം 2007ൽ സ്ഥാപിച്ച പമ്പ് ഹൗസിൽ നിന്നും ആവശ്യാനുസരണം വെള്ളം ലഭിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.