കൂട്ടായ്മയുടെ നൂലിഴ നെയ്ത് വിജയവഴിയിൽ...
text_fieldsകൊട്ടിയം: കൂട്ടായ്മയുടെ നൂലിഴ ചേർത്ത് കുടുംബശ്രീ അംഗങ്ങൾ തെളിയിച്ചത് പകിട്ടിന്റെ വിജയഗാഥ. നെടുമ്പനയിലെ ഒരുകൂട്ടം വനിതകളുടെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും വിളിച്ചറിയിക്കുന്നത് കടൽ കടന്നും തിളങ്ങുന്ന വസ്ത്ര പെരുമ. വസ്ത്രനിർമാണ വിപണന രംഗത്തേക്ക് അപ്പാരൽ പാർക്കിലൂടെ ഒരുകൂട്ടം സ്ത്രീകളുടെ കടന്നുവരവ് കുടുംബശ്രീയുടെ വിജയഗാഥയായി.
2010 മാർച്ചിലാണ് നെടുമ്പന പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിലെ ശ്രീകൃഷ്ണ കുടുംബശ്രീ യൂനിറ്റിന്റെ നേതൃത്വത്തിൽ ഗിരിജകുമാരി കൺവീനറായി 60 വനിതകൾ ചേർന്ന് ത്രിതല പഞ്ചായത്തുകളുടെയും വ്യവസായ വകുപ്പിന്റെയും കുടുംബശ്രീ മിഷന്റെയും സഹായത്തോടെ 1.08 കോടി രൂപ മുടക്കി പഞ്ചായത്ത് വക സ്ഥലത്ത് നെടുമ്പന അപ്പാരൽ പാർക്ക് സ്ഥാപിച്ചത്.
ഷർട്ട് നിർമാണത്തോടെയായിരുന്നു തുടക്കം. നാപ് സ്റ്റാർ എന്ന പേരിൽ പുറത്തിറക്കിയ ഷർട്ടിന് വലിയ ഡിമാൻഡ് ലഭിച്ചതോടെ ആശുപത്രി ജീവനക്കാർക്കുള്ള കോട്ട്, യൂനിഫോം, സ്കൂൾ യൂനിഫോം, ഹരിത കർമസേനക്കുള്ള യൂനിഫോം നിർമാണം എന്നിവയും ആരംഭിച്ചു.
അംഗൻവാടി വർക്കർമാർക്കും ഹെൽപർമാർക്കും യൂനിഫോം നിർമിച്ചുനൽകിയ വകയിൽ ഹാന്റക്സിൽനിന്ന് പതിനെട്ടു ലക്ഷത്തോളം രൂപ ഇവർക്ക് ലഭിക്കാനുണ്ട്. ഈതുക ലഭിച്ചാൽ അപ്പാരൽ പാർക്കിന്റെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാകുമെന്ന് മാനേജർ ജയലക്ഷ്മിയും കൺവീനർ വിജയകുമാരിയും പറയുന്നു.
ജില്ലയിൽ കുടുംബശ്രീ യൂനിറ്റുകളുടെ പ്രവർത്തനം കാണാനെത്തുന്ന സംഘങ്ങൾ ആദ്യമെത്തുക നെടുമ്പന അപ്പാരൽ പാർക്കിലാണ്. അത്രക്ക് അടുക്കും ചിട്ടയോടും കൂടിയാണ് ഇവിടത്തെ പ്രവർത്തനം. ഇപ്പോൾ 32 സ്ത്രീകളാണ് ഇവിടെ ജോലി നോക്കുന്നത്. കട്ടിങ് മുതൽ പാക്കിങ് വരെ ഇവർ തന്നെയാണ് ചെയ്യുന്നത്.
സ്റ്റാറായി നാപ്സ്റ്റാർ
വസ്ത്രവിപണിയിൽ സ്റ്റാറായി നെടുമ്പന അപ്പാരൽ പാർക്കിന്റെ ഉൽപന്നമായ നാപ് സ്റ്റാർ ഷർട്ടുകൾ. കോട്ടണിലും പോളിസ്റ്ററിലും നിർമിക്കുന്ന ഷർട്ടുകൾക്ക് വിപണിയിൽ വലിയ ഡിമാൻഡാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഷർട്ടുകൾ വിൽപനക്കെത്തിച്ചത്. നിരവധി ഗുണമേന്മപരിശോധനകൾക്കുശേഷമാണ് ഷർട്ടുകൾ വിപണിയിലിറക്കിയിരുന്നത്.
തുണികൾ കട്ട് ചെയ്യുന്നതിനും തുന്നലിനുമൊക്കെ പ്രത്യേക വൈദഗ്ധ്യം ലഭിച്ച കുടുംബശ്രീ അംഗങ്ങളാണ് തുന്നൽ ജോലികൾ ചെയ്യുന്നത്. പഞ്ചായത്തിലെ 22 വാർഡുകളിൽനിന്നായി അഭിമുഖം നടത്തിയാണ് ഇവരെ തെരഞ്ഞെടുത്തത്. 250 ഷർട്ടുകളാണ് ദിവസവും നിർമിച്ചു വന്നിരുന്നത്. കടകളിൽ പോയി ഓർഡർ എടുക്കുന്നതിലുള്ള പോരായ്മയാണ് ഇപ്പോഴുള്ളത്.
ആദ്യകാലങ്ങളിൽ പ്രതിമാസം 10000 രൂപ വരെ അംഗങ്ങൾക്ക് ലഭിച്ചിരുന്നു. ഇപ്പോൾ അത് 5000 ആയി കുറഞ്ഞിരിക്കുകയാണ്. സർക്കാറിന്റെ ഓർഡറുകൾ ലഭിച്ചാൽ വരുമാനം പഴയതിനെക്കാൾ കൂടുതലാക്കാൻ കഴിയുമെന്നാണ് ഇവർ പറയുന്നത്. ബാങ്ക് വഴിയാണ് മാസം തോറും ശമ്പളം നൽകുന്നത്. 290 രൂപക്കാണ് ഷർട്ടുകൾ ഹോൾസെയിലായി നൽകുന്നത്.
തുണികൊണ്ടുവരുന്നവർക്ക് 100 രൂപ മാത്രമാണ് തുന്നൽകൂലിയായി ഈടാക്കുന്നത്. നാപ്സ്റ്റാർ ബ്രാൻഡിന് വിദേശത്തും നല്ല ഡിമാൻഡാണ്. വിദേശത്തെ ഏതാനും സ്കൂളുകൾക്ക് ഇവിടെനിന്ന് യൂനിഫോം നിർമിച്ചു നൽകുന്നുണ്ട്. മാർക്കറ്റിങ് നല്ല നിലയിൽ നടന്നാൽ നാപ് സ്റ്റാർ സ്റ്റാറായി മാറുമെന്നാണ് ഇവർ പറയുന്നത്.
മുന്നേറണം ഇനിയും
കേരളത്തിലെ കോർപറേഷനുകൾ, മുനിസിപ്പാലിറ്റി, പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് ശേഖരണത്തിനായി നിയമിച്ചിട്ടുള്ള ഹരിത കർമസേന അംഗങ്ങൾക്കുള്ള യൂനിഫോമും കോട്ടും ഇവിടെനിന്ന് നിർമിച്ചു നൽകുന്നുണ്ട്. ഇവർ നിർമിക്കുന്ന ഉൽപന്നങ്ങളിൽ അഡ്രസ് പ്രിൻറ് ചെയ്യുന്നതും ഇവിടുത്തെ അംഗങ്ങൾ തന്നെയാണ്.
കേരളത്തിലെ ഹരിത കേരള മിഷൻ അംഗങ്ങൾക്ക് ആവശ്യമായ യൂനിഫോം നെടുമ്പന അപ്പാരൽ പാർക്കിൽനിന്ന് വാങ്ങാൻ ഹരിത കേരള മിഷൻ തീരുമാനമെടുത്താൽ അപ്പാരൽ പാർക്കിന് കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ കഴിയും.
കോവിഡ് കാലത്തും തളരാതെ പ്രവർത്തനവുമായി മുന്നോട്ടു പോയ ചരിത്രമാണ് നെടുമ്പനയിലെ അപ്പാരൽ പാർക്കിനുള്ളത്. കോവിഡ് കാലത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ നല്ലയിനം മാസ്ക്, തുണി സഞ്ചികൾ, പി.പി.ഇ കിറ്റ് എന്നിവ കുറഞ്ഞ നിരക്കിൽ നിർമിച്ചുനൽകാൻ ഇവർക്കായിട്ടുണ്ട്. ദേശീയപതാക നിർമാണത്തിലും നെടുമ്പന അപ്പാരൽ പാർക്ക് മുന്നിലാണ്.
അര ലക്ഷം പതാകകളാണ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പഞ്ചായത്തുകൾക്ക് നിർമിച്ചു നൽകിയത്. നെടുമ്പന പഞ്ചായത്ത് അധികൃതരുടെ പൂർണ പിന്തുണയാണ് ഇവർക്ക് മുന്നേറ്റത്തിന് പ്രേരണയാകുന്നത്. സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥാപനം പോലെയാണ് ഓരോ അംഗങ്ങളും പ്രവർത്തിക്കുന്നത്. തൊഴിലിനോടുള്ള ആത്മാഥതയും കൂറും ഒത്തൊരുമയോടെയുള്ള പ്രവർത്തനവുമാണ് വിജയഗാഥ രചിക്കാൻ ഇവർക്ക് സഹായകമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.