മയ്യനാട്ടെ ഐ.ടി.ഐ വാഴുമോ വീഴുമോ?
text_fieldsകൊട്ടിയം: പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലം മയ്യനാടിന് സർക്കാർ ഐ.ടി.ഐ നഷ്ടപ്പെടാൻ സാധ്യത. സ്വന്തം സ്ഥലവും കെട്ടിടവും ഇല്ലാത്തതാണ് ആശങ്കക്ക് കാരണം. 2018 ൽ ആരംഭിച്ച ഐ.ടി.ഐക്ക് സ്ഥലം കണ്ടെത്തേണ്ടത് അതത് പഞ്ചായത്ത് ആണ്. ഒരേക്കർ ഏഴ് സെൻറ് സ്ഥലമാണ് വേണ്ടത്. മയ്യനാട് ശാസ്താംകോവിൽ എൽ. പി സ്കൂളിനോട് ചേർന്നാണ് ഐ.ടി.ഐ. പണയിൽ മുക്കിൽ സി. കേശവൻ സ്മാരകത്തിലും ഐ.ടി.ഐ അനക്സ് പ്രവർത്തിക്കുന്നുണ്ട്.
എം.എം.വി, ഡീസൽ മെക്കാനിക്ക്, ഇലക്ട്രീഷ്യൻ, ഡ്രൈവർ കം മെക്കാനിക്ക് അടക്കം അഞ്ചു ട്രേഡുകളാണ് ഇവിടെയുള്ളത്. പ്രിൻസിപ്പൽ ഉൾപ്പെടെ 15 ജീവനക്കാരും ഉണ്ട്. ഇതോടൊപ്പം അനുവദിച്ച പല ഐ.ടി.ഐകൾക്കും അതത് പഞ്ചായത്തുകൾ സ്ഥലം കണ്ടെത്തി കൈമാറിയെങ്കിലും ഇവിടെ ഒന്നും നടന്നില്ല.
സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്തതിനാൽ പുതിയ അധ്യയന വർഷത്തിൽ പ്രവേശനം നടക്കുമോ എന്ന ആശങ്കയുമുണ്ട്. ചുരുങ്ങിയ വർഷത്തിനുള്ളിൽ ഇവിടെ പഠിച്ചിറങ്ങിയ കുട്ടികൾക്കെല്ലാം പ്ലേസ്മെന്റും ജോലിയും ലഭിച്ചിട്ടുണ്ട്. ഐ.ടി. ഐ യ്ക്ക് ഭൂമി ലഭ്യമാക്കാൻ നടപടി ആവശ്യപെട്ട് മുഖ്യമന്ത്രിയുടെ ജനസദസിലടക്കം പരാതി നൽകിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. അഞ്ചു ട്രേഡുകളിലായി 225 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
ഐ.ടി.ഐക്കായി ഒരേക്കറിലധികം ഭൂമി മയ്യനാട് പഞ്ചായത്തിൽ ലഭ്യമാകുന്നതിനുള്ള സാധ്യത കുറവാണെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ഭൂമി ലഭ്യമാക്കാനുള്ള ശ്രമം പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് നടന്നുവരികയാണെന്നും അവർ പറയുന്നു. ഭൂമി വാങ്ങണമെങ്കിൽ കോടികൾ പഞ്ചായത്ത് ചെലവഴിക്കേണ്ടി വരും.
സ്ഥലം ഏറ്റെടുത്തു കൊടുക്കുന്ന കാര്യത്തിൽ പഞ്ചായത്ത് ഒളിച്ചു കളി നടത്തുകയാണെന്നാണ് രക്ഷകർത്താക്കളടക്കം പൊതുവെ പറയുന്നത്. കൊട്ടിയത്ത് പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന ഇപ്പോൾ വെറുതെ കിടക്കുന്ന സ്ഥലമോ കശുവണ്ടി വികസന കോർപറേഷന്റെ സ്ഥലമോ അനുവദിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
ഇരവിപുരം നിയോജക മണ്ഡലത്തിലെ ഏക പഞ്ചായത്തും മുൻ മുഖ്യമന്ത്രി സി. കേശവന്റെയും സാംസ്കാരിക നായകന്മാരുടെയും നാടുമായ മയ്യനാടിന് സർക്കാർ ഐ.ടി.ഐ. നഷ്ടമാകാതിരിക്കാൻ തുടർനടപടികൾ വൈകരുതെന്ന ആവശ്യമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.