ദേശീയപാത ആറുവരിയാക്കൽ പ്രവൃത്തി പുരോഗമിക്കുന്നു
text_fieldsകൊട്ടിയം: ദേശീയപാത 66 ആറുവരി പാതയായി വികസിപ്പിക്കാനുള്ള നിർമാണപ്രവൃത്തികൾ പുരോഗമിക്കുന്നു. ജില്ലയിൽ ആകെ ഏറ്റെടുക്കേണ്ട 57.3 ഹെക്ടർ ഭൂമിയും ഏറ്റെടുത്തുകൊണ്ടാണ് നിർമാണപ്രവൃത്തികൾ പുരോഗമിക്കുന്നത്. പാലങ്ങളുടെ നിർമാണ പ്രവർത്തനം ആരംഭിച്ചു.
കലുങ്കുകളുടെ നിർമാണവും കെ.എസ്.ഇ.ബിയുടെ പുതിയ പോസ്റ്റുകൾ സ്ഥാപിക്കുന്ന ജോലികളും വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിച്ചുകൊണ്ടുള്ള നിർമാണപ്രവൃത്തികളും പുരോഗമിക്കുന്നു.
കെട്ടിടങ്ങൾ 80 ശതമാനത്തോളം പൊളിച്ചുനീക്കിയതായി ദേശീയപാത ഉദ്യോഗസ്ഥർ പറഞ്ഞു. റോഡിന്‍റെ ഇരുവശങ്ങളിലുമായി നിന്ന വൃക്ഷങ്ങൾ 90 ശതമാനം മുറിച്ചുനീക്കിക്കഴിഞ്ഞു. സ്ഥലമേറ്റെടുക്കൽ പൂർത്തിയായെങ്കിലും ഇനിയും പൊളിച്ചുമാറ്റാൻ കെട്ടിടങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വരും ദിവസങ്ങളിൽ അതും പൊളിച്ചുമാറ്റിത്തുടങ്ങും. ജില്ലയിൽ ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 55 കിലോമീറ്റർ ദേശീയപാത 45 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. ജില്ലയിൽ ചെറുതും വലുതുമായ 13 പുതിയ പാലങ്ങളാണ് നിർമിക്കുന്നത്.
പാലത്തിന്‍റെ നിർമാണത്തിനായി മണ്ണ് പരിശോധന നേരത്തേ പൂർത്തിയായിരുന്നു. പൈലിങ് ജോലികൾ ആരംഭിച്ചുകൊണ്ട് പാലങ്ങളുടെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. 57.3 ഹെക്ടർ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. 2100 കോടിയാണ് 5600 ഭൂവുടമകൾക്കായി നൽകിയത്. ആന്ധ്രയിലെ വിശ്വസമുദ്ര, ഹരിയാനയിലെ ശിവാലയ എന്നിവരാണ് നിർമാണ കരാർ എടുത്തിട്ടുള്ളത്.
ആദ്യ റീച്ച് കൊച്ചുകുളങ്ങര മുതൽ കാവനാട് വരെയാണ് 1580 കോടിയാണ് ഇതിന്‍റെ കരാർ തുക. രണ്ടാം റീച്ച്- കാവനാട്- മുതൽകടമ്പാട്ടുകോണം വരെയാണ് 1386 കോടിയാണ് കരാർ തുക.
ദേശീയപാത 66ന്‍റെ വികസനവുമായി ബന്ധപ്പെട്ട് ഇനിയും ഒഴിയാത്ത കെട്ടിടങ്ങൾ അധികൃതർ നേരിട്ട് പൊളിച്ചുനീക്കുമെന്ന് ദേശീയപാത ലെയ്സൺ ഓഫിസർ എം.കെ. റഹ്മാൻ പറഞ്ഞു. ദേശീയപാത അധികൃതരും കരാർ കമ്പനിയും റവന്യൂ അധികൃതരും ചേർന്നാണ് നടപടി സ്വീകരിക്കുക.
ഇതിന്‍റെ ഭാഗമായി തിങ്കളാഴ്ച കൊട്ടിയത്ത് കെട്ടിടം പൊളിച്ചുതുടങ്ങും. ജില്ല അതിർത്തിയായ പാരിപ്പള്ളി കടമ്പാട്ടുകോണം മുതൽ കാവനാടുവരെ 172 കെട്ടിടങ്ങളാണ് ഇനിയും പൊളിച്ചുമാറ്റാതെയുള്ളത്.
ചാത്തന്നൂർ പഞ്ചായത്ത് ഓഫിസിനടുത്തുള്ള ഷോപ്പിങ് കോംപ്ലക്സും ഇതിൽ ഉൾപ്പെടും. കെട്ടിടം പഞ്ചായത്തിന്‍റേതാണെന്നുള്ളതിന്‍റെ രേഖകൾ ഹാജരാക്കി തുക കൈപ്പറ്റണമെന്ന് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സർവിസ് റോഡുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ചെറിയ കലുങ്കുകളും ഓടകളും മറ്റും നിർമിക്കുന്നതിനുള്ള പ്രവർത്തനവും നടക്കുന്നുണ്ട്.
വൈദ്യുതി ലൈനുകൾ മാറ്റുന്നതിനായുള്ള പോസ്റ്റുകൾ സ്ഥാപിച്ചുതുടങ്ങി. യൂട്ടിലിറ്റി കേബിളുകൾ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇത്തിക്കരയിൽ സമാന്തരപാലം നിർമിക്കുന്നതിനായുള്ള ജോലികളും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.