സമരാഗ്നി; മനസ്സ് തുറന്ന് ചർച്ചാസദസ്സ്
text_fieldsകൊല്ലം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ കെ.പി.സി.സി നടത്തുന്ന സമരാഗ്നി പ്രക്ഷോഭയാത്രയുടെ ഭാഗമായി കൊല്ലത്ത് സംഘടിപ്പിച്ച ജനകീയ ചർച്ചാസദസ്സ് ജനമനസ്സിന്റെ പ്രതിഫലനമായി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ പരാതികൾ കേട്ടു.
കരിമണൽഖനനത്തെതുടർന്ന് പ്രതിസന്ധിയിലായ കോവിൽതോട്ടത്തിലെ 500ഓളം കുടുംബങ്ങൾ നേരിടുന്ന പ്രശ്നമാണ് ആൻസി ജോർജ് ചർച്ചയിൽ അവതരിപ്പിച്ചത്.
മണൽ എടുത്തശേഷം മൂന്നുവർഷത്തിനകം ഭൂമി നികത്തി മാറ്റിപ്പാർപ്പിച്ചവരെ പുനരധിവസിപ്പിക്കുമെന്നത് ഒരു വ്യാഴവട്ടം പിന്നിട്ടിട്ടും നടന്നിട്ടില്ല. ജോലി വാഗ്ദാനവും പൂർണമായി അംഗീകരിക്കപ്പെട്ടിട്ടില്ല. കൊല്ലം നഗരസഭയിലെ പൂർത്തിയാകാത്ത പദ്ധതികളെക്കുറിച്ചുള്ള പരാതിയായിരുന്നു സാമൂഹികപ്രവർത്തകനായ എം.കെ. സലീമിന്. 100 കോടി രൂപ ചെലവിൽ നിർമാണം ആരംഭിച്ച ശുദ്ധജലപദ്ധതി എങ്ങുമെത്തിയിട്ടില്ല. ഗതാഗതപ്രശ്ന പരിഹാരവും അവതാളത്തിലായി. ഭിന്നശേഷിക്കാർക്ക് അർഹതപ്പെട്ട നിയമനം ലഭിക്കുന്നില്ലെന്ന് ഭിന്നശേഷിക്കാരനായ രഞ്ജിത്ത് പരാതിപ്പെട്ടു. കെ.എസ്.ആർ.ടി.സി ജീവനക്കാർ, പെൻഷൻകാർ തുടങ്ങിയവർ ദുരിതം പങ്കുെവക്കാനെത്തിയിരുന്നു. സർവിസ് പെൻഷൻകാരുടെ പ്രശ്നങ്ങളാണ് എസ്. മണിയമ്മക്ക് പറയാനുണ്ടായിരുന്നത്. കശുവണ്ടി വ്യവസായ സംരംഭകർ കടുത്ത പ്രതിസന്ധിയിലാണെന്ന് പ്രതിനിധി മുഹമ്മദ് ഷാൻ ചൂണ്ടിക്കാണിച്ചു. ആശാ, അംഗൻവാടി ജീവനക്കാരും എത്തിയിരുന്നു.
റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് സുഗതൻ മംഗലത്ത് ആവശ്യപ്പെട്ടു. അവശകലാകാരന്മാരുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് എസ്.പി. ദിവാകരൻ ചൂണ്ടിക്കാണിച്ചു. ടൂറിസം മേഖല നേരിടുന്ന വെല്ലുവിളികൾ മനേഷ് ഷാ, മുനിസിപ്പൽ കോർപറേഷൻ കണ്ടിൻജന്റ് ജീവനക്കാരുടെ പ്രശ്നങ്ങൾ പി.എം. രമേശൻ എന്നിവർ അവതരിപ്പിച്ചു. അതിരൂക്ഷമായ കടലാക്രമത്തിൽ മുണ്ടക്കൽ ബീച്ച് പരിസരത്ത് ജീവഭയത്തോടെയാണ് കഴിയുന്നതെന്ന് സെബാസ്റ്റ്യൻ മുണ്ടക്കൽ പറഞ്ഞു. മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ മത്സ്യത്തൊഴിലാളി, ബോട്ടുടമ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ശാസ്താംകോട്ട കായൽ സംരക്ഷിക്കാനുള്ള നിർദേശങ്ങളും ഉയർന്നു. ഓട്ടോ ഡ്രൈവർമാർ, വഴിയോര കച്ചവടക്കാർ, സ്കൂൾ പാചകതൊഴിലാളികൾ, ഹാർബർ തൊഴിലാളികൾ തുടങ്ങിയവർ തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചു.
പഴകുളം മധു അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ടി. സിദ്ദീഖ്, പി.സി. വിഷ്ണുനാഥ് എം.എൽ.എ, സജീവ് ജോസഫ് എം.എൽ.എ, ബിന്ദു കൃഷ്ണ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.