അവധിക്കാല ഉല്ലാസയാത്രയുമായി കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം
text_fieldsകൊല്ലം: വേനലവധിക്കാലത്ത് ഉല്ലാസയാത്ര പാക്കേജുകളുമായി കെ.എസ്.ആര്.ടി.സി കൊല്ലം ബജറ്റ് ടൂറിസം.മാര്‍ച്ച് 29ന് മൂന്നാര്‍ യാത്രയോടെ തുടക്കമാകും. പുലര്‍ച്ച അഞ്ചിന് ആരംഭിക്കുന്ന മൂന്നാര്‍ യാത്രയില്‍ ഗ്യാപ്പ് റോഡ്, ചിന്നക്കനാല്‍, പെരിയകനാല്‍, കാന്തല്ലൂര്‍, മറയൂര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. മൂന്നാര്‍ സ്ലീപ്പര്‍ ബസ് സ്റ്റേ, കാന്തല്ലൂര്‍ റൈഡിങ്, ഉച്ചഭക്ഷണം എന്നിവ ഉള്‍പ്പെടെ 2380 രൂപയാണ് നിരക്ക്.
അന്നുതന്നെ കൊല്ലത്തുനിന്ന് രാവിലെ 10ന് എ.സി ലോഫ്ലോര്‍ ബസിലുള്ള എറണാകുളം യാത്രയില്‍ അഞ്ച് മണിക്കൂര്‍ അറബിക്കടലില്‍ കപ്പല്‍യാത്രയും ഉണ്ടാകും. 4240 രൂപയാണ് നിരക്ക്. മാര്‍ച്ച് 30ന് വാഗമണ്‍ യാത്രയും 31ന് തിരുവിതാംകൂറിലെ ശിവക്ഷേത്ര തീർഥാടന യാത്രയും ചാര്‍ട്ട് ചെയ്തിട്ടുണ്ട്. ഏപ്രില്‍ രണ്ടിന് കൊല്ലത്തുനിന്ന് രാത്രി ഒമ്പതിന് ആരംഭിക്കുന്ന സൈലന്റ് വാലി യാത്രയില്‍ കാഞ്ഞിരപ്പുഴ ഡാം, പാലക്കാട് കോട്ട, മലമ്പുഴ, കല്‍പ്പാത്തി അഗ്രഹാരം, വരിക്കാശ്ശേരി മന എന്നിവയും ഉള്‍പ്പെടും. 3080 രൂപയാണ് നിരക്ക്.
ഏപ്രില്‍ അഞ്ചിന്റെ ഇല്ലിക്കല്‍ കല്ല്, ഇലവീഴാപൂഞ്ചിറ യാത്രക്ക് 820 രൂപയാണ് നല്‍കേണ്ടത്. അന്നുതന്നെ പുറപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ അഗ്രോ തീം പാര്‍ക്ക് മാംഗോ മെഡോസ് യാത്രക്ക് രണ്ടുനേരത്തെ ഭക്ഷണം, പാര്‍ക്ക് എന്‍ട്രി ഫീസ്, പാര്‍ക്കിനുള്ളിലെ ആക്ടിവിറ്റികള്‍ ഉള്‍പ്പെടെ പാക്കേജിന് 1790 രൂപയാണ് നല്‍കേണ്ടത്. ഏപ്രില്‍ ആറിന് രാമക്കല്‍മേട്, ഒമ്പതിനുള്ള കപ്പല്‍യാത്ര എന്നിവക്കും ബുക്കിങ് ആരംഭിച്ചു. ഏപ്രില്‍ 10ന് തിരുനെല്ലി-കൊട്ടിയൂര്‍ യാത്ര വയനാട്, കണ്ണൂര്‍ ജില്ലകളിലെ ക്ഷേത്രദര്‍ശന തീർഥാടനയാത്രയാണ്.
രാത്രി മാനന്തവാടിയിലെത്തി വിശ്രമിച്ച ശേഷം രാവിലെ തിരുനെല്ലി, തൃശിലേരി, കൊട്ടിയൂര്‍, പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രം എന്നിവ കണ്ടശേഷം മടങ്ങുന്ന യാത്രക്ക് 2800 രൂപയാണ് നല്‍കേണ്ടത്. 11ന് മാമലക്കണ്ടം വഴി മൂന്നാര്‍ യാത്രയും ഉണ്ടാകും. 1730 രൂപയാണ് നിരക്ക്. 13ന് ഗവി, കൃപാസനം, കുമരകം ബോട്ട് യാത്ര എന്നിവയും ഉണ്ടാകും. ഫോണ്‍: 9747969768, 9995554409, 7592928817.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.