കെ.എസ്.ആർ.ടി.സി കൊറിയർ ജീവനക്കാരനോട് മാനുഷികത കാണിക്കണം -മനുഷ്യാവകാശ കമീഷൻ
text_fieldsകൊല്ലം: കെ.എസ്.ആർ.ടി.സി കൊട്ടാരക്കര ഡിപ്പോയിലെ കൊറിയർ ലോജിസ്റ്റിക് ജീവനക്കാരന് അമിതജോലിഭാരം അടിച്ചേൽപ്പിച്ചെന്ന പരാതിയിൽ ജീവനക്കാരന്റെ സമ്മർദം ഒഴിവാക്കാൻ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. കമീഷൻ അംഗം വി.കെ. ബീനാകുമാരിയാണ് കോർപറേഷൻ ചെയർമാൻ/എം.ഡിക്ക് നിർദേശം നൽകിയത്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി രണ്ടാഴ്ചക്കുള്ളിൽ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. ജോലി സമ്മർദം അനുഭവിക്കുന്നുവെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കെ.എസ്.ആർ.ടി.സി കമീഷനെ അറിയിച്ചു. മകന്റെ അസുഖം കാരണം പരാതിക്കാരൻ 2024 മാർച്ച് 27 ന് ജോലി വിട്ടു.
ആഹാരം കഴിക്കാനും പ്രാഥമികാവശ്യങ്ങൾക്കും സമയം അനുവദിച്ചില്ലെന്ന പരാതി അവാസ്തവമാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ശാരീരിക ബുദ്ധിമുട്ട് കാരണം ജോലിയിൽ നിന്ന് ഒഴിവായ ദിവസം തന്നെ തന്റെ ജോലി നഷ്ടപ്പെട്ടതായി പരാതിക്കാരനായ കൊച്ചാലുംമൂട് സ്വദേശി ആർ. ആനന്ദ് റെക്സ് കമീഷനെ അറിയിച്ചു. തനിക്കൊപ്പം ജോലി ചെയ്തവർക്ക് പുനർനിയമനം നൽകിയതായും പരാതിക്കാരൻ അറിയിച്ചു.
എന്നാൽ പരാതിക്കാരന്റെ ജോലി നഷ്ടമായിട്ടില്ലെന്ന് അസി. ട്രാൻസ്പോർട്ട് ഓഫീസർ കമീഷനെ അറിയിച്ചു. പരാതിക്കാരനെ സർവീസിൽ തിരികെ എടുക്കുമെന്നും പറഞ്ഞു. പുനർനിയമനം നൽകുന്ന കാര്യത്തിൽ വേർതിരിവ് കാണിക്കുന്നത് നിയമലംഘനമാണെന്ന് കമീഷൻ ചൂണ്ടിക്കാണിച്ചു. 24 മണിക്കൂറും ജോലി ചെയ്യിക്കുന്നത് മനുഷ്യാവകാശലംഘനമാണെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.