കുടുംബശ്രീ ലോകത്തിന് മാതൃക -മന്ത്രി
text_fieldsകൊല്ലം: കുടുംബശ്രീ ലോകത്തിനുതന്നെ മാതൃകയായ കൂട്ടായ്മയെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കുടുംബശ്രീ നേതൃത്വത്തിലുള്ള അയൽക്കൂട്ട ശാക്തീകരണ കാമ്പയിൻ ‘തിരികെ സ്കൂളിൽ’ ജില്ലതല ഉദ്ഘാടനം തേവള്ളി സർക്കാർ മോഡൽ ബോയ്സ് വി.എച്ച്.എസ്.എസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ സമൂഹത്തിലുണ്ടാക്കിയ മുന്നേറ്റം സമാനതകളില്ലാത്തതാണ്. കേരളത്തിനു മാത്രം സാധിക്കുന്ന നേട്ടമാണിത്.
ലോക ചരിത്രത്തിലെ തന്നെ മഹത്തായ സംഭവമാണ് തിരികെ സ്കൂളിൽ കാമ്പയിൻ. 45 ലക്ഷത്തിലധികം സ്ത്രീകൾ വീണ്ടും സ്കൂളുകളിലേക്കെത്തുന്നു. പുതിയ സാങ്കേതികവിദ്യ വരെ നീളുന്ന അറിവുകൾ നേടിയെടുക്കുന്നു. കാമ്പയിൻ വഴി സമൂഹത്തിനും വിദ്യാലയങ്ങൾക്കും ഒരുപോലെ ഉണർവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിച്ചു. എം. മുകേഷ് എം.എൽ.എ, കലക്ടർ അഫ്സാന പർവീൺ എന്നിവർ ക്ലാസുകളിലെ പഠിതാക്കളുമായി സംവദിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ ശുചിത്വ പ്രതിജ്ഞ ചൊല്ലി നൽകി.
കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ എസ്. ജയൻ, ഡിവിഷൻ കൗൺസിലർ ബി. ശൈലജ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.കെ. അജിതാകുമാരി, സി.ഡി.എസ് ചെയർപേഴ്സൺ സുജാത രതികുമാർ, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ആർ. വിമൽചന്ദ്രൻ, എ.ഡി.എം.സിമാരായ എ. അനീസ, ബി. ഉന്മേഷ്, സി.ഡി. ആതിര, ഡി.പി.എം ജെൻസി ജോൺ എന്നിവർ പങ്കെടുത്തു.
ജില്ലയിൽ 361207 പഠിതാക്കൾ
‘തിരികെ സ്കൂളിൽ’ കാമ്പയിന്റെ ഭാഗമായി ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 10 വരെയുള്ള അവധി ദിനങ്ങളിൽ നടക്കുന്ന ക്ലാസുകളിൽ ജില്ലയിൽ 74 സി.ഡി.എസുകളിൽനിന്നായി ആകെ 361207 അയൽക്കൂട്ട അംഗങ്ങളാണ് പങ്കെടുക്കുന്നത്. ആദ്യ ദിനത്തിൽ 40227 പേരാണ് ജില്ലയിലുടനീളം ക്ലാസുകളിലെത്തിയത്. ഓരോ സി.ഡി.എസിനും കീഴിലുള്ള സ്കൂളുകളിലാണ് ക്ലാസുകൾ നടക്കുന്നത്. രാവിലെ 9.30 മുതല്‍ 4.30 വരെയാണ് ക്ലാസ് സമയം.
9.30 മുതല്‍ 9.45 വരെ അസംബ്ലിയാണ്. ഇതില്‍ കുടുംബശ്രീയുടെ മുദ്രഗീതം ആലപിക്കും. തുടർന്ന്, ക്ലാസുകള്‍ ആരംഭിക്കും. സംഘടനാശക്തി അനുഭവപാഠങ്ങള്‍, അയല്‍ക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, കൂട്ടായ്മ-ജീവിതഭദ്രത, നമ്മുടെ സന്തോഷം, ഉപജീവനം-ആശയങ്ങള്‍ പദ്ധതികള്‍, ഡിജിറ്റല്‍ കാലം എന്നിവയാണ് പാഠ്യ വിഷയങ്ങള്‍. ഇവയോരോന്നും അഞ്ച് പാഠങ്ങളായി തിരിച്ചാണ് പരിശീലനം നല്‍കുക.
പരിശീലനം ലഭിച്ച 15000ത്തോളം റിസോഴ്സ് പേഴ്സണ്‍മാരാണ് അധ്യാപകരായെത്തുന്നത്. ഉച്ചക്കുമുമ്പ് 15 മിനിറ്റ് ഇടവേളയുണ്ട്. ഒന്നു മുതല്‍ 1.45 വരെയാണ് ഉച്ചഭക്ഷണത്തിനുള്ള സമയം. എല്ലാവരും ഒരുമിച്ചിരുന്നാകും ഭക്ഷണം കഴിക്കുക. കലാപരിപാടികളും നടത്തും. ഉച്ചഭക്ഷണം, കുടിവെള്ളം. സ്നാക്സ്, സ്കൂള്‍ ബാഗ്, സ്മാര്‍ട്ട് ഫോണ്‍, ഇയര്‍ഫോണ്‍ എന്നിവ വിദ്യാർഥികള്‍ തന്നെയാണ് കൊണ്ടുവരേണ്ടത്. താല്പര്യമുള്ള അയല്‍ക്കൂട്ടങ്ങള്‍ക്ക് യൂനിഫോമും ധരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.