കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു
text_fieldsകുളത്തൂപ്പുഴ: വേലികെട്ടിയും കാവലിരുന്നും സംരക്ഷണമൊരുക്കിയിട്ടും കൃഷിയിടത്തിലെത്തിയ കാട്ടുപന്നിക്കൂട്ടം വ്യാപക കൃഷിനാശം വരുത്തി. കുളത്തൂപ്പുഴ വില്ലുമല കോളനി പ്രദേശത്തെ ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ വീട്ടമ്മയായ ശോഭനക്കാണ് കഴിഞ്ഞ ഒറ്റ രാത്രിയോടെ ആയിരങ്ങളുടെ നഷ്ടമുണ്ടായത്. രാത്രികാവല്‍ കഴിഞ്ഞ് കൃഷിയിടത്തില്‍നിന്ന് പുലര്‍ച്ച സമീപത്തെ വീട്ടിലേക്ക് പോയതിനുപിന്നാലെ സമീപത്തെ തോട്ടിലൂടെ എത്തിയ കാട്ടുപന്നിക്കൂട്ടം വേലി തകര്‍ത്ത് കൃഷിയിടത്തിലേക്കിറങ്ങുകയും മാസങ്ങളായി സംരക്ഷിച്ചുപരിപാലിച്ചുവന്ന ചേമ്പും കാച്ചിലും ചേനയും വാഴയും മരച്ചീനിയുമടങ്ങിയ കൃഷി നാമാവശേഷമാക്കുകയുമായിരുന്നു. സമീപത്തായുള്ള കൃഷിയിടത്തിലിറങ്ങി മരച്ചീനിയും വാഴയും തകര്‍ത്തപ്പോഴേക്കും സമീപവാസികളെത്തി കാട്ടുപന്നിക്കൂട്ടത്തെ തുരത്തി.
വിളവെടുക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയായ വാഴകളും മരച്ചീനിയും ചേമ്പും കാച്ചിലും ഒരു പൊടിപോലും ബാക്കിയാക്കാതെയാണ് കാട്ടുപന്നിക്കൂട്ടം മടങ്ങിയത്. ആയിരങ്ങളുടെ നഷ്ടമുണ്ടായതായി വീട്ടമ്മ പറഞ്ഞു. കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തും കൃഷിയിറക്കി കണ്ണടക്കാതെ കാവലിരുന്നിട്ടും എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലായതായി വീട്ടമ്മ പറയുന്നു. പ്രദേശത്തെ ജനവാസമേഖലക്കുചുറ്റുമായി വനംവകുപ്പ് ലക്ഷങ്ങള്‍ മുടക്കി സൗരോര്‍ജ വേലി സ്ഥാപിച്ചിരുന്നെങ്കിലും യഥാസമയം അറ്റകുറ്റപ്പണിക്കും തുടര്‍സംരക്ഷണത്തിനും നടപടി സ്വീകരിക്കാതെവന്നതോടെ ഇവയെല്ലാം പ്രവര്‍ത്തനരഹിതമായി. ഇവ മറികടന്നാണ് കാട്ടുപന്നിക്കൂട്ടം നിരന്തരം കൃഷിയിടത്തിലേക്കെത്തുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.