ഭീതിപരത്തി കുളത്തൂപ്പുഴ ടൗണിനടുത്ത് കാട്ടുപോത്ത് കൂട്ടം
text_fieldsകുളത്തൂപ്പുഴ: കാടിറങ്ങി ജനവാസമേഖലയിലേക്ക് കാട്ടുമൃഗങ്ങളെത്തുന്നത് പതിവായ കുളത്തൂപ്പുഴയില്‍ കഴിഞ്ഞദിവസം ടൗണിനുസമീപം കാട്ടുപോത്തുകൂട്ടമെത്തി. ഇവ മണിക്കൂറോളം നിലയുറപ്പിച്ചത് സമീപവാസികളെ ഭീതിയിലാഴ്ത്തി.
കുളത്തൂപ്പുഴ മറിയവളവിനുസമീപം അന്തര്‍സംസ്ഥാന പാതയോരത്തായി ഇ.എസ്.എം കോളനി പണയില്‍ പുത്തന്‍വീട്ടില്‍ റെജിയുടെ പുരയിടത്തിലാണ് കഴിഞ്ഞദിവസം വൈകീട്ട് നാലരയോടെ ഇരുപതോളം വരുന്ന കാട്ടുപോത്ത് കൂട്ടമെത്തിയത്.
സമീപത്തെ വയലിലും കൃഷിയിടത്തിലും ഇറങ്ങിയ കാട്ടുപോത്തുകള്‍ വ്യാപകമായി കൃഷിനാശം വരുത്തുകയും പ്രദേശത്ത് മണിക്കൂറുകളോളം നിലയുറപ്പിക്കുകയും ചെയ്തു. അന്തര്സംസ്ഥാനപാതയില്നിന്ന് ഏതാനും വാര മാത്രമകലെയുള്ള ഈ കൃഷിയിടത്തിലെ കാട്ടുപോത്തുകളെ കാണാനായി പ്രദേശവാസികളും ഹൈവേയിലെ യാത്രികരുമായ നിരവധിപേര്‍ കൂട്ടം കൂടി.
ഇതോടെ നാട്ടുകാര്‍ വിവരമറിയിച്ച് വനംവകുപ്പ് റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്.ആര്.ടി) സ്ഥലത്തെത്തി. ബീറ്റ് ഫോറസ്റ്റര്‍മാരായ ദിലീപ്, ശ്രീകുമാര്‍, വാച്ചര്‍മാരായ ഹേമന്ത്, ഉമേഷ് എന്നിവർ ഏറെനേരത്തെ ശ്രമത്തിനൊടുവില്‍ കാട്ടുപോത്തുകളെ വനത്തിലേക്ക് തുരത്തി. കുളത്തൂപ്പുഴ പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വിവിധ സംഭവങ്ങളിലായി നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു.
ഇതിനിടെ കഴിഞ്ഞദിവസം കാട്ടുപോത്തുകള്‍ വാഹനത്തിരക്കുള്ള ജനവാസമേഖലയിലേക്ക് എത്തിയത് പ്രദേശത്താകെ ഭീതി പടര്‍ത്തി. കുളത്തൂപ്പുഴ ടൗണില്‍ നിന്ന് നിരവധി പേരാണ് പുലര്‍ച്ച വ്യായാമത്തിനും മറ്റുമായി ഈ പാതയിലൂടെ സഞ്ചരിക്കുന്നത്. ഇവരെ കൂടാതെ ജോലിക്കായി പോകുന്ന കാല്‍നടയാത്രികരും സമീപത്തെ പുരയിടങ്ങളിലെ ടാപ്പിങ് തൊഴിലാളികളുമെല്ലാം ഭയപ്പാടിലാണ്.
കിഴക്കന്‍മേഖലയില്‍ ചൂട് കടുത്തതോടെ വനത്തിനുള്ളിലെ തോടുകളും അരുവികളും മറ്റ് കുടിവെള്ള സ്രോതസ്സുകളും വറ്റിവരണ്ടതിനാലാണ് കാട്ടുമൃഗങ്ങള്‍ കുടിവെള്ളം തേടി ജനവാസമേഖലയിലേക്കെത്തുന്നത്. ഇവക്ക് വനത്തില്‍തന്നെ കുടിവെള്ള സ്രോതസ്സുകള്‍ ഒരുക്കുന്നതിനായി പദ്ധതി തയാറാക്കി വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിക്കുന്ന മുറക്ക് പ്രാബല്യത്തില്‍ വരുത്താന്‍ കഴിയുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.