ജനവാസമേഖലയിൽ കൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം
text_fieldsകുളത്തൂപ്പുഴ: കാടിറങ്ങി ജനവാസമേഖലയിലെത്തിയ കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശം വരുത്തി. വില്ലുമല ട്രൈബല്‍ എല്‍.പി സ്കൂളിനു സമീപത്തെ ആദിവാസി കോളനിയിലാണ് കൃഷി നാശം വരുത്തിയത്. പാതിരാത്രിക്കുശേഷം സമീപത്തെ കുട്ടിവനത്തില്‍ നിന്ന് തോട് മറികടന്നെത്തിയ കാട്ടാനക്കൂട്ടം നേരം പുലരുവോളം കൃഷിയിടത്തില്‍ നിലയുറപ്പിച്ച് തെങ്ങുകളും കവുങ്ങുകളും വാഴകൃഷിയുമൊക്കെ വ്യാപകമായി നശിപ്പിക്കുകയാണ്.
വില്ലുമല കോളനിയില്‍ ശകുന്തള, മണിക്കുട്ടന്, സുമംഗല എന്നിവരുടെ പുരയിടത്തിലെ ഇരുപതോളം കായ്ഫലമുള്ള തെങ്ങുകളും പതിനാറോളം കവുങ്ങുകളും കുലച്ചതും അല്ലാത്തതുമായി നിരവധി വാഴകളും റബര്‍ മരങ്ങളും നശിപ്പിച്ചു. കഴിഞ്ഞ ദിവസം മണിക്കുട്ടന്റെ വീട്ടുമുറ്റത്തെത്തിയ കാട്ടാന വീടിനോട് ചേര്‍ന്നുനിന്ന തെങ്ങും മറിച്ചിട്ടിരുന്നു. കോളനിക്ക് ചുറ്റുമായി ലക്ഷങ്ങള്‍ മുടക്കി വനം വകുപ്പ് സ്ഥാപിച്ച സൗരോര്‍ജ വേലി തുടര്‍ സംരക്ഷണമില്ലാതെ തകര്‍ന്നടിഞ്ഞതായി പ്രദേശവാസികള്‍ പറയുന്നു.
രാത്രി സമയങ്ങളില്‍ കാട്ടാനകളും പകല്‍ കാട്ടുപോത്തുകളും കൂട്ടമായി എത്തുന്നതിനാല്‍ കൃഷിയിടത്തില്‍ ഒറ്റക്ക് പോകാനോ രാത്രി പുറത്തിറങ്ങാനോ പോലും കഴിയുന്നില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കുന്നു. കാട്ടാനകളും കാട്ടുമൃഗങ്ങളും ജനവാസ മേഖലയിലെത്താതിരിക്കുന്നതിനുവേണ്ട അടിയന്തര നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.