കലക്ടര്‍ക്ക് മുന്നില്‍ പരാതികളൊഴിയാതെ കോളനിവാസികള്‍
text_fieldsകുളത്തൂപ്പുഴ: കിഴക്കന്‍മേഖലയിലെ ആദിവാസികോളനി സന്ദര്‍ശനത്തിനായി എത്തിയ കലക്ടര്‍ക്ക് മുന്നില്‍ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത സംബന്ധിച്ച പരാതികളുമായി കോളനിവാസികള്‍.
കുളത്തൂപ്പുഴ പഞ്ചായത്തിലെ പെരുവഴിക്കാല പട്ടികവര്‍ഗ കോളനിയിലെത്തിയ കലക്ടര്‍ എന്‍. ദേവീദാസിനോട് കോളനിയിലെ അസൗകര്യങ്ങള്‍ സംബന്ധിച്ച് വീട്ടമ്മമാരും കുട്ടികളും പരാതി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പട്ടികവര്‍ഗ കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നടപ്പാക്കുന്ന പദ്ധതികളിൽ പലതും കിഴക്കന്‍ മലയോരമേഖലയിലെ കോളനികള്‍ക്ക് ഇനിയും അന്യമാണ്. പെരുവഴിക്കാല, രണ്ടാംമൈല്‍ തുടങ്ങിയ ആദിവാസി കോളനികളിലേക്ക് സുഗമമായ യാത്രാസൗകര്യം പോലുമില്ലെന്ന് പറഞ്ഞ നാട്ടുകാര്‍ കുറച്ചുഭാഗം മാത്രം കോണ്‍ക്രീറ്റ് ചെയ്ത കോളനിയിലേക്കുള്ള ഏകവനപാത കലക്ടര്‍ക്ക് കാണിച്ചുകൊടുത്തു. കോളനിക്കുള്ളിലെ പാതകളില്‍ ഭൂരിഭാഗവും ഇപ്പോഴും കുണ്ടും കുഴിയും നിറഞ്ഞ മണ്‍പാതയാണ്. അതിനാല്‍തന്നെ ഇവിടേക്ക് സവാരി വിളിച്ചാല്‍ വാഹനങ്ങളൊന്നും വരാന്‍ തയാറാകില്ല. വനത്തിനുള്ളിലൂടെ കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ചാലേ പുറംലോകത്തേക്ക് എത്താന്‍ കഴിയുകയുള്ളൂ. കൂടാതെ ദിനംപ്രതി ഏറിവരുന്ന കാട്ടുമൃഗങ്ങളുടെ ശല്യം നിമിത്തം കൃഷി ചെയ്തുപോലും ജീവിക്കാനാവാത്ത അവസ്ഥയാണെന്നും കോളനിവാസികള്‍ വ്യക്തമാക്കി.
കോളനിയിലെ വിദ്യാര്‍ഥികളോട് വിദ്യാഭ്യാസനിലവാരം സംബന്ധിച്ചും പ്രതിസന്ധികളെക്കുറിച്ചും കലക്ടര്‍ വിവരങ്ങള്‍ തേടി. യുവജനങ്ങള്‍ക്കായി പട്ടികവര്‍ഗവികസന വകുപ്പ് കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയ മരംമുറിയന്ത്രം, വയറിങ് കിറ്റ് തുടങ്ങിയ തൊഴിലുപകരണങ്ങള്‍, തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തീകരിച്ചവര്‍ക്കുള്ള ഉപഹാരം എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാബീവി, ട്രൈബല്‍ െഡവലപ്മെന്റ് ഓഫീസര്‍ വിധുമോള്‍, ടി.ഇ.ഒ മുഹമ്മദ് ഷൈജു, ഊരുമൂപ്പന്മാരായ ബാബു കാണി, രഞ്ജിത്ത്, ഗ്രാമപഞ്ചായത്തംഗം അജിത എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.