വനവത്കരണം: തേക്ക് തൈകൾ റെഡി
text_fieldsകുളത്തൂപ്പുഴ: കിഴക്കന്വനമേഖലയിലെ വെട്ടി ഒഴിഞ്ഞ പ്ലാന്റേഷനുകളില്‍ വനവത്കരണത്തിനായി ഗുണനിലവാരമുള്ള തേക്കു തൈകളൊരുക്കി കുളത്തൂപ്പുഴയിലെ സെന്‍ട്രല്‍ നഴ്സറി. കുളത്തൂപ്പുഴ-വില്ലുമല പാതയോരത്ത് ഡീസെന്റുമുക്കില് ഏക്കറുകളോളം പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന നഴ്സറിയില്‍ നിലവില്‍ നിലമ്പൂര്‍ തേക്കുതൈകളാണ് ഉല്പാദിപ്പിക്കുന്നത്.
മുമ്പ് വനം വകുപ്പിനു പുറമേ സാമൂഹിക വനവത്കരണത്തിനായി സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിനു വേണ്ടിയും വിവിധതരം വൃക്ഷ തൈകള്‍ തയാറാക്കിയിരുന്നുവെങ്കിലും വനംവകുപ്പിന്റെ തോട്ടങ്ങളിലേക്ക് ആവശ്യത്തിനുള്ള തേക്കു തൈകള്‍ മാത്രമാണ് ഇപ്പോള്‍ ഉല്പാദിപ്പിക്കുന്നത്. പീച്ചിയിലെ വനം വകുപ്പ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് എത്തിക്കുന്ന ഉന്നത ഗുണനിലവാരത്തിലുള്ള നിലമ്പൂര്‍ തേക്കുകളുടെ വിത്തുകള്‍ മുളപ്പിച്ചാണ് തൈകള്‍ ഒരുക്കുന്നത്. ഓരോ വര്‍ഷവും ഒക്ടോബര്‍, നവംബര്‍ മാസത്തോടെ പ്രദേശത്തെ വനത്തില്‍നിന്ന് ഇലകള്‍ ശേഖരിച്ച് പച്ചില കമ്പോസ്റ്റ് തയാറാക്കുന്നതോടെയാണ് നഴ്സറിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മണ്ണും പച്ചിലവളവും ചേര്‍ത്ത് നിറച്ച ബെഡുകളില്‍ വിത്തുകളിട്ട് മുളപ്പിച്ച് കൃത്യമായ ശ്രദ്ധയോടെ പരിപാലിച്ച് തയാറാക്കുന്ന തൈകള്‍ ജൂണോടെ വിതരണം ചെയ്യുന്നതാണ് പതിവ്.
നിലവില്‍ ഇവിടെ ഉല്പാദിപ്പിക്കുന്ന നിലമ്പൂര്‍ തേക്കു തൈകളില്‍ വനം വകുപ്പിന്റെ ആവശ്യം കഴിഞ്ഞുള്ളവ പ്ലാസ്റ്റിക് കവറുകളിലാക്കി പൊതുജനങ്ങള്‍ക്ക് വില്പന നടത്തുന്നുമുണ്ട്. മഴക്കാലമെത്തുന്നതോടെ ഗുണ നിലവാരത്തില്‍ ഏറെ മുന്നിലുള്ള തേക്ക് തൈകള്‍ വാങ്ങാനായി നിരവധി പേരാണ് കുളത്തൂപ്പുഴ സെന്‍ട്രല്‍ നഴ്സറിയിലേക്കെത്തുന്നതെന്നും ജീവനക്കാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.