അമ്പലക്കടവ് സമാന്തര പാലം: നടപടികൾക്ക് ഒച്ചിഴയും വേഗം
text_fieldsകുളത്തൂപ്പുഴ: അമ്പലക്കടവ് സമാന്തര പാലത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട നടപടികൾക്ക് ഒച്ചിഴയുന്ന വേഗം. മുൻ ഇടതുസര്‍ക്കാറിന്‍റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച പാലത്തിന് 10 കോടി രൂപ അനുവദിച്ചിരുന്നു. ആറുവർഷത്തിനുള്ളിൽ ആകെ നടന്നത് മണ്ണുപരിശോധനയും രൂപരേഖ തയാറാക്കലും മാത്രം.
പാലം നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിന്‍റെ ഘടനയും ഉറപ്പും സംബന്ധിച്ച് ജിയോളജി വകുപ്പിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുപിന്നാലെ കിഫ്ബിക്ക് പാലത്തിന്‍റെ രൂപരേഖ തയാറാക്കി നല്‍കിയിരുന്നു.
എന്നാൽ, നിലവിലെ പാലത്തിന്‍റെയും ജലനിരപ്പിന്‍റെയും അളവുകള്‍ നിര്‍ണയിച്ചതില്‍ അപാകത കണ്ടെത്തി. ശേഷം കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജ് അധികൃതരുടെ സഹായത്തോടെ വീണ്ടും പരിശോധന നടത്തി പുതുക്കിയ രൂപരേഖ കിഫ്ബിക്ക് സമര്‍പ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് നിർമാണാനുമതി ലഭിച്ചിരുന്നു.
ഇതിനിടെ ഗ്രാമപഞ്ചായത്തിന്‍റെ സ്നാനഘട്ടത്തിനോട് ചേര്‍ന്നാണ് പാലത്തിനായി കണ്ടെത്തിയ സ്ഥലം എന്നതിനാലും പഞ്ചായത്ത് റോഡിലേക്ക് ചേരുന്ന നിലയില്‍ പാലം നിർമിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കാട്ടി പഞ്ചായത്ത് അധികൃതര്‍ പ്രമേയം പാസാക്കി.
പാലത്തിന്‍റെ അപ്രോച്ച് റോഡുകള്‍ ദേവസ്വം ബോര്‍ഡിന്‍റെ കൈവശമുള്ള സ്ഥലത്തുകൂടി കടന്നുപോകുന്നതിനാല്‍ സ്ഥലം ഏറ്റെടുക്കുന്നതിനായി ബോര്‍ഡില്‍നിന്നുള്ള അനുമതിയും തേടി. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കേരള റോഡ് ഫണ്ട് ബോര്‍ഡിന് (കെ.ആര്‍.എഫ്.ബി) പാലത്തിന്‍റെ രൂപരേഖ കൈമാറിയെങ്കിലും മാസങ്ങള്‍ പലത് കഴിഞ്ഞിട്ടും നിർമാണ നടപടി ആരംഭിച്ചില്ല.
നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നതോടെ പാലത്തിന്‍റെ നിർമാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് എം.എല്‍.എയുമായി ബന്ധപ്പെട്ട നേതാക്കള്‍ അറിയിച്ചിരുന്നെങ്കിലും രണ്ടു വര്‍ഷമായിട്ടും നടപടികള്‍ ഫയലില്‍ തന്നെയാണ്.
പുതിയ പാലത്തിന്‍റെ പ്രഖ്യാപനം വന്നതോടെ കാലപ്പഴക്കവും അറ്റകുറ്റപ്പണികളുടെ അഭാവവും പുഴയിലെ മണ്ണൊലിപ്പും നിമിത്തം തകര്‍ച്ചാ ഭീഷണി നേരിടുന്ന നിലവിലെ പാലത്തെ അധികൃതർ മറന്നമട്ടാണെന്ന് പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.