ഓട്ടോ ഡ്രൈവറെ തീവെച്ച് കൊലപ്പെടുത്താൻ ശ്രമം; മരുമകൻ പൊലീസില്‍ കീഴടങ്ങി
text_fieldsകുളത്തൂപ്പുഴ: കുടുംബവഴക്കിനെതുടര്‍ന്നുള്ള വൈരാഗ്യത്തില്‍ ഓട്ടോഡ്രൈവറെ പെട്രോള്‍ ഒഴിച്ച് തീയിട്ട് കൊലപ്പെടുത്താന്‍ മരുമകന്റെ ശ്രമം. പ്രതി പൊലീസ് പിടിയിലായി. കുളത്തൂപ്പുഴ വലിയേല സജീന മൻസിലില്‍ അഷറഫിനെയാണ്(52) മകളുടെ ഭർത്താവ് പെട്രോളൊഴിച്ച് തീവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. മടത്തറ മേലേമുക്ക് ബ്ലോക്ക് നമ്പര്‍ 106ല്‍ ഷജീര്‍ ആണ് കൊലപാതകശ്രമം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ അഷറഫ് ചികിത്സയിലാണ്.
കഴിഞ്ഞദിവസം രാവിലെ ആറരയോടെ കുളത്തൂപ്പുഴ പച്ചയില്‍ക്കട സാംനഗര്‍ വനപാതയില്വെച്ചായിരുന്നു ആക്രമണം. പുലര്‍ച്ച ഓട്ടോസവാരിക്കായി അഷറഫ് പോകവെ വനപാതയിലൂടെ കാറില്‍ പിന്തുടർന്നെത്തിയ ഷജീര്‍ ഓട്ടോ തടഞ്ഞുനിര്‍ത്തി. പുറത്തിറങ്ങി നടന്നുനീങ്ങിയ അഷറഫിന്റെ ദേഹത്തേക്ക് കൈയില്‍ കരുതിയ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
തീ ആളിപ്പടര്ന്നതിനെതുടര്ന്ന് വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ അഷറഫിന്റെ നിലവിളി കേട്ടെത്തിയ സമീപവാസികള്‍ ഉടന്‍തന്നെ ഇദ്ദേഹത്തെ കുളത്തൂപ്പുഴ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കി. ശരീരമാസകലം പൊള്ളലേറ്റതിനെതുടര്‍ന്ന് വിദഗ്ധചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
കൃത്യത്തിനുശേഷം പ്രദേശത്തുനിന്ന് രക്ഷപ്പെട്ട് ചിതറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ഷജീറിനെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കുളത്തൂപ്പുഴ പൊലീസിനു കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.