എണ്ണപ്പനത്തോട്ടത്തില്‍ കന്നുകാലി മോഷണം; ഇറച്ചി കടത്ത് സംഘം സജീവമാകുന്നു
text_fieldsകുളത്തൂപ്പുഴ: ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ എണ്ണപ്പന തോട്ടത്തില്‍ നിന്ന് കന്നുകാലികളെ കശാപ്പ് ചെയ്ത് ഇറച്ചി കടത്തുന്ന സംഘം വീണ്ടും സജീവമാകുന്നു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓയില്‍പാം എസ്റ്റേറ്റ് ഗേറ്റ് വഴി കടന്നു പോകുന്ന വാഹനങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് നിലച്ചിരുന്ന ഇറച്ചി കടത്താണ് നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ വീണ്ടും സജീവമായത്. കഴിഞ്ഞ ദിവസം പതിനൊന്നാം മൈല്‍ കമ്പംകോട് അഭിലാഷ് ഭവനില്‍ സജിയുടെ ഉടമസ്ഥതയിലുള്ള ഗര്‍ഭിണി പശുവിനെ വെടിവെച്ചു കൊലപ്പെടുത്തിയശേഷം ഇറച്ചിയാക്കി കടത്തിയതാണ് ഏറ്റവും ഒടുവിലത്തേത്.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ എസ്റ്റേറ്റ് പ്രദേശത്ത് വെടിയൊച്ച കേട്ടതായി സമീപവാസികള്‍ പറഞ്ഞു. നേരം പുലര്‍ന്ന ശേഷം എസ്റ്റേറ്റ് ജീവനക്കാരും നാട്ടുകാരും ഓയില്‍പാം തോട്ടത്തിനുള്ളില്‍ നടത്തിയ തിരച്ചിലില്‍ പശുവിന്റെ തലയും അവശിഷ്ടങ്ങളും കണ്ടെത്തി.
തുടര്‍ന്ന് സമീപവാസിയായ സജി സ്ഥലത്തെത്തുകയും തൻന്റെ ഗര്‍ഭിണിയായിരുന്ന പശുവിന്റെ തലയും അവശിഷ്ടങ്ങളുമാണിതെന്ന് തിരിച്ചറിയുകയുമായിരുന്നു. ഇതോടെയാണ് രാത്രി ഇറച്ചി കടത്ത് സംഘങ്ങള്‍ വെടിവെച്ചിട്ടു കശാപ്പു ചെയ്തു കടത്തിയതാണെന്ന സംശയം നാട്ടുകാര്‍ക്കിടയില്‍ ബലപ്പെട്ടത്.
എസ്റ്റേറ്റിനുള്ളില്‍ മേയാനായി വിടുന്ന കാലികളെ രാത്രിയില്‍ വാഹനത്തില്‍ കടത്തുന്ന സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഇറച്ചി കടത്ത് സംഘങ്ങള്‍ കന്നുകാലികളെ കശാപ്പു ചെയ്തു കടത്തുന്നതാകാമെന്ന നിഗമനത്തിലാണ് നാട്ടുകാര്‍. സംഭവം സംബന്ധിച്ച് ഏരൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ച് കേസെടുത്തു.
അതേ സമയം, എസ്റ്റേറ്റിനുള്ളില്‍ നിന്ന് പുറത്തേക്ക് കടന്നുപോകുന്ന വഴികളില്‍ ഓയില്‍ പാം അധികൃതര്‍ ഗേറ്റ് സ്ഥാപിച്ചു കാവലേര്പ്പെടുത്തിയിട്ടുണ്ടെന്നും അതിനാല്‍ തന്നെ രാത്രി കടന്നുപോയ വാഹനങ്ങളെ പറ്റി അന്വേഷിച്ചാല്‍ വേട്ടക്കാരെ കണ്ടെത്താനാകുമെന്നും നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.