കാട്ടുപന്നിയിടിച്ച് പരിക്കേറ്റ കണ്ടക്ടര്‍ ഗുരുതരാവസ്ഥയില്‍
text_fieldsകുളത്തൂപ്പുഴ: ഡ്യൂട്ടിക്ക് പോകവേ മലയോര ഹൈവേയില്‍ െവച്ച് ഇരുചക്രവാഹനം കാട്ടുപന്നിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍. കുളത്തൂപ്പുഴ ഡിപ്പോയിലെ ജീവനക്കാരനായ കടമാന്‍കോട് മൂലവിളവീട്ടില് അനൂപാണ് (35) കഴിഞ്ഞ ദിവസം അപടത്തില്‍പെട്ടത്.
പുലര്‍ച്ച നാലരയോടെ കടമാന്‍കോട് നിന്നും കുളത്തൂപ്പുഴ ഡിപ്പോയിലേക്കെത്തവേ മലയോര ഹൈവേയില്‍ മാര്ത്താണ്ഡങ്കരവളവിനുസമീപം പാതക്ക് കുറുകെയെത്തിയ കാട്ടുപന്നി ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പാതയിലേക്ക് തലയടിച്ചുവീണ അനൂപിനെ നാട്ടുകാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ തലക്ക് സാരമായ ക്ഷതമേല്‍ക്കുകയും വാരിയെല്ലുകളും തോളെല്ലും തകരുകയും ചെയ്തു. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം. കാടിറങ്ങി ജനവാസ മേഖലയിലെത്തുന്ന കാട്ടുമൃഗങ്ങള്‍ ഇരുചക്രവാഹനയാത്രികര്‍ക്കും പുലര്‍ച്ച നടക്കാനെത്തുന്നവര്ക്കും നിരന്തരം ഭീഷണിയായിട്ടും നിയന്ത്രിക്കുന്നതിന് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.