രേഖകളുടെ പരിശോധന; ഓട്ടോ തൊഴിലാളികളും പൊലീസുമായി വാക്കുതര്‍ക്കം
text_fieldsകുളത്തൂപ്പുഴ: ടാക്സി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിന് അംഗീകൃത സ്ഥലമില്ലാത്ത കുളത്തൂപ്പുഴ ടൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നില്‍ വാഹനങ്ങള്‍ നിരനിരയായി നിര്‍ത്തിയിടുന്നത് സംബന്ധിച്ച തര്‍ക്കം പലപ്പോഴും പൊലീസും ഓട്ടോ തൊഴിലാളികളും തമ്മിലുള്ള വാക്കുതര്‍ക്കങ്ങള്‍ക്ക് ഇടയാക്കുന്നു. കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ മാര്‍ക്കറ്റ് ജങ്ഷനില്‍ പരിശോധനക്കിടെ സവാരി നടത്താന്‍ മതിയായ രേഖകളില്ലെന്നു കണ്ടെത്തിയ വാഹനം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതിനെതിരെ ഒരു കൂട്ടം ഓട്ടോ തൊഴിലാളികള്‍ പ്രതിഷേധമുയര്‍ത്തിയത് പൊലീസുമായി വാക്കുതര്‍ക്കത്തിനിടയാക്കി.
കാലാവധി കഴിഞ്ഞ ഇന്‍ഷുറന്‍സ് രേഖകളാണെന്ന് കണ്ടെത്തിയ വാഹനത്തിനെതിരെ നടപടിയെടുക്കാനുള്ള പൊലീസ് നീക്കത്തിനെതിരെയാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. അതേസമയം, പ്രദേശത്ത് പുതുതായി ആരംഭിച്ച വ്യാപാരശാലയിലേക്ക് ഉപഭോക്താക്കള്‍ക്ക് കടന്നുവരാനുള്ള വഴി അനുവദിക്കാതെ ഓട്ടോ റിക്ഷകള്‍ നിരനിരയായി ഇടുന്നതിനെതിരെ വ്യാപാരി ദിവസങ്ങള്‍ക്ക് മുമ്പ് ഹൈകോടതിയില്‍നിന്നും അനുകൂല ഉത്തരവുമായി എത്തിയിരുന്നു. ഉത്തരവ് നടപ്പാക്കാനെത്തിയ പൊലീസുമായി ഓട്ടോ തൊഴിലാളികള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് നിരന്തരം പൊലീസ് ശല്യം ചെയ്യുന്നതെന്ന ആരോപണമാണ് തൊഴിലാളികള്‍ ഉയര്‍ത്തുന്നത്.
അതേസമയം, കുളത്തൂപ്പുഴയില്‍ സവാരി നടത്തുന്നതില്‍ പല വാഹനങ്ങള്‍ക്കും ശരിയായ രേഖകളോ അനുമതിയോ ഇല്ലാത്തവയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി ആരംഭിച്ചതെന്നും വരും ദിവസങ്ങളില്‍ കര്‍ശന വാഹന പരിശോധന ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.