വിദ്യാർഥികളുടെ മുങ്ങിമരണം; ദുരന്തകാരണം നീന്തലറിയാത്തത്
text_fieldsകുളത്തൂപ്പുഴ: കുളത്തൂപ്പുഴയില്‍ 10ാം ക്ലാസുകാരായ ടെക്നിക്കല്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ച സംഭവത്തില്‍ ഇരുവർക്കും നീന്തല്‍ വശമില്ലാത്തതാണ് ദുരന്തത്തിനിടയാക്കിയതെന്നു നാട്ടുകാര്‍.
കാടുകാണാനായിയെത്തിയ പത്തംഗ വിദ്യാര്‍ഥി സംഘം കാടിനുനടുവിലായുള്ള കുളിക്കടവിലെത്തി ആഴം കുറഞ്ഞ സ്ഥലത്താണ് കുളിക്കാനിറങ്ങിയത്. കുളി കഴിഞ്ഞു കയറിയ മുഹമ്മദ് റോഷന്‍, റൂബന്‍ ബിജു, അദ്വൈത്, സൌരവ് എന്നിവര്‍ പുഴയോരത്തെ മണൽത്തിട്ട കാണാനായി പുഴയോരത്തുകൂടി പോകവേ ചളിനിറഞ്ഞ മണ്‍തിട്ടയില്‍നിന്ന് കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
നീന്തല്‍ വശമുണ്ടായിരുന്ന സമീപ പ്രദേശവാസി കൂടിയായ ധനീഷ് വെള്ളത്തിലിറങ്ങി നാലുപേരെയും രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും മുഹമ്മദ് റോഷനും റൂബന്‍ ബിജുവും വെള്ളത്തില്‍ താഴുകയായിരുന്നു.
നീന്തല്‍ വശമില്ലാത്ത ഇവരോട് പുഴയില്‍ ആഴം കൂടുതലാണെന്നും വെള്ളത്തില്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നതായി ധനീഷ് പറയുന്നു. കൂട്ടുകാര്‍ മുങ്ങിത്താഴ്ന്നതോടെ പരിഭ്രാന്തരായ കൂട്ടുകാര്‍ രക്ഷക്കായി വനത്തിനു നടുവില്‍ നിലവിളിച്ചെങ്കിലും ആരും തന്നെ പരിസരത്തുണ്ടായിരുന്നില്ല.
ആരെയും കിട്ടാതെവന്നതോടെ അര കിലോമീറ്റര്‍ വനപാതയിലൂടെ സഞ്ചരിച്ച് കല്ലുവെട്ടാംകുഴി ജങ്ഷനിലെത്തി വിവരം ധരിപ്പിക്കുകയും നാട്ടുകാര്‍ ഇടപെട്ട് ആറ്റില്‍ മുങ്ങാനറിയുന്ന യുവാക്കളേ വരുത്തിയാണ് തിരച്ചലിനു നേതൃത്വം നല്‍കിയത്.
കല്ലുവെട്ടാംകുഴി സ്വദേശികളായ രാജ്കുമാര്‍, മഹേഷ്, ഷിജു, നെടുവണ്ണൂര്‍ കടവ്സ്വദേശി ബിജു, തലപ്പച്ച സ്വദേശി ബിജു എന്നിവരാണ് ഏറെ ആഴവും അടിയൊഴുക്കുമുള്ള പുഴയിലിറങ്ങി നീണ്ടനേരത്തെ ശ്രമത്തിനൊടുവില്‍ വിദ്യാര്‍ഥികളെ കണ്ടെത്താനായത്. അതേസമയം, വിദ്യാര്‍ഥികളില്‍ ഒരാള്‍ക്കുകൂടി നീന്തല്‍ വശമുണ്ടായിന്നെങ്കില്‍ ദുരന്തം സംഭവിക്കില്ലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.