കാല്‍നടപോലും ദുഷ്കരം; പാറവിളക്കോണം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യം
text_fieldsകുളത്തൂപ്പുഴ: പത്തുവര്‍ഷം മുമ്പ് നിർമാണം പൂര്‍ത്തിയാക്കിയ ശേഷം അറ്റകുറ്റപ്പണി നടത്താതെ ടാറും മെറ്റലും ഇളകി നാട്ടുകാര്‍ക്ക് ദുരിതം സമ്മാനിക്കുകയാണ് പച്ചയില്‍ക്കട-പാറവിളക്കോണം റോഡ്. പ്രദേശവാസികള്‍ക്ക് കുളത്തൂപ്പുഴ ടൗണുമായി ബന്ധപ്പെടാനുള്ള ഏക യാത്രാ മാര്‍ഗമാണ് ഈ പാത.
പ്രായമേറിയവരും പ്രദേശവാസികളുമടക്കം ദിനംപ്രതി നിരവധി പേരാണ് ഈപാത ഉപയോഗിക്കുന്നത്. സൈക്കിളിലും മറ്റും വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ നിയന്ത്രണംവിട്ട് വീഴുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണെന്ന് സമീപവാസികള്‍ പറയുന്നു. വശങ്ങളില് ഓട നിർമിച്ചിട്ടില്ലാത്തതിനാല്‍ പാതയിലൂടെയാണ് മഴവെള്ളം ഒലിച്ചുപോകുന്നത്.
ഈ അടുത്ത കാലത്ത് ജല്‍ജീവന്‍ മിഷന്റെ ഭാഗമായി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി പാതയോരത്തുകൂടി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴി തോണ്ടിയതും തകര്‍ച്ചക്ക് വേഗം കൂട്ടി. ഇപ്പോള്‍ ടാര്‍ മുഴുവന്‍ ഇളകി മെറ്റലും കല്ലും മാത്രമായി കാല്‍നടയാത്രപോലും ദുഷ്കരമായ നിലയിലാണ്.
പ്രദേശവാസികളുടെ നിരന്തര പരാതികളെ തുടര്‍ന്ന് ഇക്കുറി പാതയുടെ പുനരുദ്ധാരണത്തിന് ഗ്രാമപഞ്ചായത്ത് തുക അനുവദിച്ച് ടെന്‍ഡര്‍ നടപടി ആരംഭിച്ചെങ്കിലും വകയിരുത്തിയ തുക കുറവാണെന്ന കാരണം പറഞ്ഞ് ആരും കരാര്‍ എടുത്തിട്ടില്ലെന്നാണ് വിവരം. പ്രദേശവാസികളുടെ ദുരിതം മനസ്സിലാക്കി അടിയന്തരമായി പാത സഞ്ചാരയോഗ്യമാക്കി മാറ്റാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.