കാട്ടുമൃഗങ്ങളെ നിയന്ത്രിക്കാന്‍ ആനക്കിടങ്ങുമായി വനംവകുപ്പ്
text_fieldsകുളത്തൂപ്പുഴ: കാട്ടുമൃഗങ്ങള്‍ നിരന്തരം കാടിറങ്ങി ജനവാസ മേഖലയിലെത്തുന്നത് നിയന്ത്രിക്കാനായി പരീക്ഷണാര്‍ഥം ആഴത്തില്‍ കിടങ്ങൊരുക്കി വനംവകുപ്പ്. വനപ്രദേശവുമായി അതിര്‍ത്തി പങ്കിടുന്ന ജനവാസമേഖലയില്‍ ആനക്കിടങ്ങുകള്‍ നിർമിച്ച് കാട്ടാനകളെയും കാട്ടുപന്നികളടക്കമുള്ള മറ്റു കാട്ടുമൃഗങ്ങളെയും നിയന്ത്രിക്കാനാണ് വനം വകുപ്പ് പദ്ധതി.
തെന്മല വനം റേഞ്ച് കല്ലുവരമ്പ് സെക്ഷനില്‍ വില്ലുമല ഉരിയരിക്കുന്ന് പ്രദേശത്താണ് ഇപ്പോള്‍ രണ്ടു മീറ്റര്‍ വീതിയിലും ആഴത്തിലും കിടങ്ങ് നിർമിക്കുന്നത്.
രാത്രി കാട്ടാനകള്‍ കൂട്ടമായി എത്തി കൃഷി നശിപ്പിക്കുന്നത് പതിവായതോടെയാണ് ഇത്തരമൊരു പദ്ധതി ഒരുക്കിയിട്ടുള്ളതെന്നും ഫലപ്രദമെന്നു കണ്ടാല്‍ ഘട്ടം ഘട്ടമായി പദ്ധതി കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുമ്പ് തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രദേശത്ത് കുറച്ചു ദൂരത്തില്‍ കിടങ്ങ് നിർമിച്ചിരുന്നെങ്കിലും ഇത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
കൂടാതെ ഇതിന് താഴ്ച കുറവായിരുന്നതിനാല്‍ പലപ്പോഴും കാട്ടുമൃഗങ്ങള്‍ കടന്നെത്തുന്നത് തുടര്‍ന്നതോടെയാണ് ആഴത്തില്‍ കിടങ്ങു നിർമിച്ച് മൃഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.