ഫോറസ്റ്റ് മ്യൂസിയങ്ങളുടെ ശൃംഖല പരിഗണനയില്‍ -മന്ത്രി എ.കെ. ശശീന്ദ്രന്
text_fieldsകുളത്തൂപ്പുഴ: സംസ്ഥാനത്ത് ഫോറസ്റ്റ് മ്യൂസിയങ്ങളുടെ ശൃംഖല പരിഗണനയിലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. കുളത്തൂപ്പുഴയില്‍ വനംവകുപ്പ് തുടങ്ങിയ സംസ്ഥാനത്തെ ആദ്യ വനംമ്യൂസിയം നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. മ്യൂസിയം പഠനകേന്ദ്രമാക്കും. വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഹബ്ബായും വികസിപ്പിക്കും. വനത്തെപ്പറ്റിയുള്ള അറിവുകള്‍ നല്‍കുന്നതിനുള്ള ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സജീവമാക്കും.
വനത്തിനും വന്യജീവികളുടെ നിലനില്‍പ്പിനും ഭീഷണിയായ പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കണം. ഈ പശ്ചാത്തലത്തിലാണ് ഇക്കോടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടത്. കുളത്തൂപ്പുഴയും തെന്മലയും ഉള്‍പ്പെടുന്ന വലിയ ടൂറിസംപദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് ഉദ്ദേശ്യം. ഇതിനായി പരിസ്ഥിതിസൗഹൃദ അന്തരീക്ഷം വേണം. വകുപ്പിലെ ഉദ്യോഗസ്ഥരുടെ ജാഗ്രതയാണ് പ്രധാനം. വനംവകുപ്പിന്റെ പ്രവര്ത്തനവൈവിധ്യവത്കരണവും ഉദ്ദേശിക്കുന്നു. വന്യജീവികളുടെ ആക്രമണത്തില്‍നിന്ന് ജനത്തെ സംരക്ഷിക്കേണ്ട ചുമതല വകുപ്പ് നിര്‍വഹിക്കുന്നുണ്ട്. ജനങ്ങളുടെ പൂര്‍ണ സഹകരണമാണ് സുപ്രധാനമെന്നും മന്ത്രി പറഞ്ഞു.
പി.എസ്. സുപാല്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി കെ. രാജു മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഗംഗാ സിങ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി. ജയപ്രസാദ്, അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഡോ. എല്‍. ചന്ദ്രശേഖര്‍, പ്രമോദ് ജി. കൃഷ്ണന്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഡോ. സഞ്ജയന്‍കുമാര്‍, ജെ. ജസ്റ്റിന് മോഹന്‍, തിരുവനന്തപുരം ഡി.എഫ്.ഒ കെ.എ. പ്രദീപ് കുമാര്‍, തദ്ദേശസ്വയംഭരണസ്ഥാപന ഭാരവാഹികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.