മലയോര ഹൈവേ ഓരത്ത് മാലിന്യം തള്ളൽ തകൃതി
text_fieldsകുളത്തൂപ്പുഴ: മലയോര ഹൈവേയില്‍ ആളൊഴിഞ്ഞ വനപ്രദേശങ്ങളിലും മറ്റും നിയന്ത്രണവുമില്ലാതെ മാലിന്യം തള്ളുന്നത് പതിവാകുന്നു. മടത്തറ-കുളത്തൂപ്പുഴ പാതയില്‍ അരിപ്പ അമ്മയമ്പലം ക്ഷേത്രത്തിനുസമീപത്തെ വനാതിര്‍ത്തികളില്‍ കഴിഞ്ഞ കുറെനാളുകളായി രാത്രിയുടെ മറവില്‍ വ്യാപകമായ മാലിന്യം നിക്ഷേപം പതിവായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഇല്ലാത്തത് നാട്ടുകാര്‍ക്ക് ദുരിതമാകുകയാണ്. പാതയോരത്ത് മാലിന്യം കുമിഞ്ഞുകൂടിയതോടെ സമീപവാസികള്‍ക്കും ക്ഷേത്രത്തിലേക്കെത്തുന്നവര്ക്കും മൂക്ക് പൊത്താതെ വഴി നടക്കാനാവാത്ത അവസ്ഥയാണ്.
കോഴിക്കടകൾ, ബാര്‍ബര്‍ ഷോപ്പുകൾ, പച്ചക്കറിക്കടകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങള്‍ക്കുപുറമെ വീടുകളില്‍ നിന്നുള്ളവ വരെ ഇവിടെ ഉപേക്ഷിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന ഇവ ഭക്ഷണമാക്കാന്‍ കാടിറങ്ങുന്ന കാട്ടുമൃഗങ്ങൾ വഴിയാത്രക്കാര്‍ക്കും ഇരുചക്രവാഹനയാത്രികര്‍ക്കും നിരന്തരം ഭീഷണിയാകുന്നുമുണ്ട്.
ഒട്ടേറെ തവണ നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും വനപാലകരും ചേര്‍ന്ന് പാതയോരത്തുനിന്ന് മാലിന്യം നീക്കി പ്രദേശം ശുചീകരിച്ചെങ്കിലും ദിവസങ്ങള്‍ കഴിയുന്തോറും ഒരു നിയന്ത്രണവുമില്ലാതെ മാലിന്യം തള്ളുന്നത് തുടരുകയാണ്. ഒരുവിധ നിരീക്ഷണസംവിധാനമോ സുരക്ഷാക്രമീകരണങ്ങളോ ഇല്ലാത്ത ആളൊഴിഞ്ഞ പ്രദേശമായതിനാല്‍ വാഹനങ്ങളില്‍ മാലിന്യവുമായി എത്തുന്നവരെ കണ്ടെത്താനുമാകുന്നിെല്ലന്ന് നാട്ടുകാര്‍ പറയുന്നു. അടിയന്തരമായി പ്രദേശം കേന്ദ്രീകരിച്ച് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി നടപടിയെടുക്കണമെന്ന് കൊച്ചുകലുങ്ക് ശക്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.