കനത്തമഴയില്‍ മരങ്ങള്‍ കടപുഴകി; അന്തര്‍ സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു
text_fieldsകുളത്തൂപ്പുഴ: കനത്ത മഴക്കൊപ്പം വീശിയടിച്ച കാറ്റില്‍ പാതയോരത്ത് നിന്ന വന്‍ മരങ്ങള്‍ കടപുഴകി. തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ കുളത്തൂപ്പുഴ നെടുവന്നൂര്ക്കടവിന് സമീപം കഴിഞ്ഞദിവസം രാവിലെ എട്ടരയോടെയാണ് പാതയോരത്ത് നിന്ന അകേഷ്യ മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈന്‍ തകര്‍ത്തു പാതക്കു കുറുകെവീണു. തലേദിവസം വൈകീട്ട് കൂവക്കാടിനു സമീപം മരം വീണുതകര്ന്ന വൈദ്യുതിബന്ധം രാത്രി വൈകി പുനസ്ഥാപിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും രാവിലെ മീറ്ററുകള്‍ മാത്രം അകലെ മരങ്ങള്‍ കടപുഴകി പാതക്ക് കുറുകെ വീണത്. വാഹനങ്ങള്‍ക്ക് കടന്നുപോകാനാവാത്തവിധം മരങ്ങളും ചില്ലകളും വീണതോടെ ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. പുനലൂരില്‍ നിന്നെത്തിയ അഗ്നിരക്ഷസംഘവും നാട്ടുകാരും വൈദ്യുതി വകപ്പ് ജീവനക്കാരും ചേര്‍ന്ന് മണിക്കൂറുകളുടെ ശ്രമഫലമായി മരങ്ങള്‍ മുറിച്ചു നീക്കിയ ശേഷമാണ് ഗതാഗതം പുനരാരംഭിക്കാനായത്.
മലയോര ഹൈവേയുടെ ഭാഗമായ കുളത്തൂപ്പുഴ-അഞ്ചല്‍ പാതയില്‍ മറവന്ചിറക്ക് സമീപം പാതയോരത്ത് നിന്നിരുന്ന ഗുല്‍മോഹര്‍ മരം പുലര്‍ച്ചെ ചുവട് തകര്‍ന്ന് പാതക്കു കുറുകെ വീണത് ഏറെ നേരം യാത്ര തടസ്സപ്പെടുത്തിയെങ്കിലും നാട്ടുകാരുടെ നേതൃത്വത്തില്‍ ചില്ലകള്‍ മുറിച്ചു നീക്കി വാഹനങ്ങള്‍ കടത്തിവിട്ടു. അഗ്നിരക്ഷ സംഘത്തിന്റെ സഹായത്തോടെ മരം പൂര്‍ണ്ണമായി മുറിച്ചു നീക്കി. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സെക്ഷന്‍ ഓഫിസ് ജീവനക്കാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.