സ്മാര്‍ട്ട് വില്ലേജ് ഓഫിസിലേക്ക് കയറണോ, പടി കെട്ടണം
text_fieldsകുളത്തൂപ്പുഴ: വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയില്‍ പാടുപെടേണ്ടി വരുന്നത് സാധാരണക്കാരാണെന്ന് വീണ്ടും തെളിയിച്ച് അധികൃതര്‍. നിർമാണം പൂർത്തിയായ കുളത്തൂപ്പുഴ വില്ലേജ് ഓഫിസിന്റെ പുതിയ കെട്ടിടത്തിലേക്ക് കയറണമെങ്കിൽ പടിക്കെട്ടുകൾ നിർമിക്കേണ്ട അവസ്ഥയിലാണ്.
ഇതിന് നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നതിനാൽ വില്ലേജ് ഓഫിസ് ഉദ്ഘാടനം നീളും. കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയും വില്ലേജ് ഓഫിസും നിർമാണം പുരോഗമിക്കുന്ന രവീന്ദ്രന് സ്മാരകവും അടുത്തടുത്താണുള്ളത്.
ആധുനീകരിക്കുന്നതിന്റെ ഭാഗമായി ഏതാനും മാസം മുമ്പ് വില്ലേജ് ഓഫിസിന്റെ പഴയ കെട്ടിടം പൊളിച്ച് പുതിയത് നിർമാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങവേയാണ് കെട്ടിടത്തിനുമുന്നിലെ ടാര്‍പാത ആശുപത്രി അധികൃതര്‍ താഴ്ചയില്‍ കുഴിച്ച് മണ്ണ് നീക്കിയത്.
ആശുപത്രിക്കുവേണ്ടി ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കാൻ വേണ്ടിയാണിത്. പുതിയ കെട്ടിട നിർമാണത്തിനായി ആരോഗ്യവകുപ്പ് പഴയ ഓഫിസ് കെട്ടിടവും ചുറ്റുമുണ്ടായിരുന്ന ക്വാര്‍ട്ടേഴ്സുകളും പൊളിച്ചുമാറ്റിയിരുന്നു.
ആശുപത്രിയുടെ അധീനതയിലുള്ള സ്ഥലവും പ്രദേശത്തേക്കുള്ള ടാര്‍ റോഡടക്കം പത്തടിയോളം താഴ്ചയില്‍ കുഴിച്ച് മണ്ണ് നീക്കി നിരപ്പാക്കി ആശുപത്രി കെട്ടിടത്തിനായി സ്ഥലമൊരുക്കിയതോടെയാണ് പാതയോട് ചേര്‍ന്ന് നിർമിച്ച വില്ലേജ് ഓഫിസ് കെട്ടിടം മണ്‍തിട്ടക്ക് മുകളിലായി മാറിയത്. വില്ലേജ് ഓഫിസിലേക്ക് കയറണമെങ്കില്‍ ഇനി പടിക്കെട്ടുകള്‍ നിര്‍മിക്കണം.
ഒരേ സമയത്ത് പ്രദേശത്ത് അനുവദിച്ച വിവിധ നിർമാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുമുമ്പ് വകുപ്പുകള്‍ തമ്മില്‍ ഏകോപനമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്നും ടൗണ്‍ പ്ലാനിങ് വകുപ്പിന്റെ സഹകരണം തേടാതെ ഓരോ വകുപ്പും ഇഷ്ട പ്രകാരം പ്രവര്‍ത്തിക്കുന്നതാണ് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നതെന്നും വിദഗ്ധര്‍ പറയുന്നു.
നിലവില്‍ നിർമാണം പൂര്‍ത്തിയായി ഉദ്ഘാടനം കാത്തുകിടക്കുന്ന വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ കരാറില്‍ പടിക്കെട്ടിനെക്കുറിച്ച് പരാമര്‍ശമില്ലാത്തതിനാല്‍ പുതിയ ടെന്‍ഡര്‍ തയാറാക്കി നടപടി സ്വീകരിക്കേണ്ടിവരും. അതിനാല്‍ വില്ലേജ് ഓഫിസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ കാലതാമസമുണ്ടാകുമെന്നുമാണ് അധികൃതര്‍ നല്കുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.