മഴ മാനത്തു കണ്ടാല്‍ വെള്ളത്തിനടിയിലാവുന്ന പാലം
text_fieldsകുളത്തൂപ്പുഴ: കിഴക്കന്‍മേഖലയില്‍ ശക്തമായി മഴ പെയ്താല്‍ വെള്ളത്തില്‍ മുങ്ങുന്ന പാലം ഉയര്‍ത്തി പണിയണമെന്ന ആവശ്യം മരീചികയായി തുടരുന്നു. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയായ അമ്പതേക്കറിലേക്കുള്ള വനപാതയില്‍ കുന്നിനടിവാരത്തുകൂടി ഒഴുകുന്ന കുഞ്ഞുമാന് തോടിനു കുറുകെ നിര്‍മിച്ച പാലമാണ് ഓരോ വര്‍ഷകാലത്തും നിരവധി തവണ വെള്ളത്തിനടിയിലാവുന്നത്.
അമ്പതേക്കര്‍ ഗ്രാമം കൂടാതെ വില്ലുമല, പെരുവഴിക്കാല, രണ്ടാംമൈല്‍, കുളമ്പി തുടങ്ങിയ ആദിവാസി കോളനികളിലേക്കുമുള്ള പ്രധാന പാതയിലാണ് ഇരുവശത്തെയും തറനിരപ്പില്‍ നിന്ന് താഴ്ന്ന നിലയിലുള്ള പാലമുള്ളത്.
ആദ്യ കാലത്ത് പ്രദേശത്തേക്കു പോകുന്നതിനായി തോടിനു കുറുകെ തടിപ്പാലമായിരുന്നു ഉണ്ടായിരുന്നത്. ഓരോ മഴക്കാലത്തും തോട്ടില്‍ ജലനിരപ്പുയരുമ്പോഴും ഒഴുകി പോകുന്ന തടിപ്പാലത്തിനു പകരമായി പുതിയവ സ്ഥാപിച്ചായിരുന്നു പ്രദേശവാസികള്‍ കുളത്തൂപ്പുഴ ടൗണിലേക്കെത്തിയിരുന്നത്.
നീണ്ട നാളത്തെ നിവേദനങ്ങള്‍ക്കും പരാതികള്‍ക്കുമൊടുവില്‍ തൊണ്ണുറുകളിലാണ് തോടിനു കുറുകെ പാലം പണിയുന്നത്. നിലവിലുണ്ടായിരുന്ന തടിപ്പാലത്തിന്റെ നിരപ്പില്‍ നിന്ന് താഴ്ന്ന ഉയരത്തിലാണ് കോണ്‍ക്രീറ്റ് പാലം പണിതത്. പണി പൂര്‍ത്തിയായതു മുതൽ എല്ലാ വെള്ളപൊക്കത്തിലും പാലം മുങ്ങി പ്രദേശവാസികളുടെ യാത്ര തടസ്സപ്പെട്ടിട്ടുണ്ടെന്നുള്ളതാണ് ചരിത്രം.
പാലത്തിനു മുകളിലേക്ക് ജലനിരപ്പുയരുമ്പോള്‍ കൈവരികളുണ്ടെന്ന ധൈര്യത്തില്‍ തോടിനു കുറുകെ കയര്വലിച്ചു കെട്ടി അതില്‍ പിടിച്ചാണ് പ്രദേശവാസികള്‍ മറുകരയിലെത്തുന്നത്. ഇക്കഴിഞ്ഞ വര്‍ഷത്തെ വേനല്‍മഴയില്‍ രണ്ടു ദിവസത്തോളം വെള്ളത്തിനടിയിലായ പാലത്തിന്റെ കൈവരികള്‍ കനത്ത മലവെള്ള പാച്ചിലില്‍ മരങ്ങളും തടികളും വന്നിടിച്ചു തകര്‍ന്നിരുന്നു. ഇപ്പോള്‍ വെള്ളമുയര്‍ന്ന് പാലം മുങ്ങുമ്പോള്‍ കൈവരികള്‍ തകര്‍ന്നു കിടക്കുന്നത് നാട്ടുകാര്‍ക്ക് പേടി സ്വപ്നമായി മാറിയിരിക്കുകയാണ്.
അമ്പതേക്കര്‍ പാലം തറനിരപ്പില്‍ നിന്നും ഉയര്‍ത്തി നിര്‍മ്മിക്കണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ചെവിക്കൊള്ളാന്‍ അധികൃതര്‍ തയാറാകുന്നില്ല. കഴിഞ്ഞ തവണത്തെ വെള്ളപ്പൊക്കത്തില്‍ പാലം മുങ്ങിയ സമയത്ത് പ്രദേശം സന്ദര്‍ശിക്കാനെത്തിയ എം.എല്‍.എ പുതിയ പാലത്തിന് ഫണ്ടും സഹായവും വാഗ്ദാനം നല്‍കിയിരുന്നു.
ഇതിനിടെ ആദിവാസി കോളനി വികസനത്തിനായി അനുവദിച്ച നബാര്‍ഡ് വക ഫണ്ടുപയോഗിച്ച് പാലം നിർമിക്കുന്നതിനുള്ള നിര്‍ദേശം വകുപ്പ് ഉന്നതങ്ങളിലേക്ക് പോയതായുള്ള വിവരമെത്തിയെങ്കിലും ഇനിയും തുടർ നടപടി ആരംഭിച്ചതായി നാട്ടുകാര്‍ക്ക് അറിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.