വനാവരണം പദ്ധതിക്ക് പ്രാരംഭ നടപടികളായി
text_fieldsകുളത്തൂപ്പുഴ: കിഴക്കന്‍ മലയോരമേഖലയിൽ മനുഷ്യ-വന്യജീവി സംഘര്‍ഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി വനംവകുപ്പ് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന വനാവരണം പദ്ധതിയുടെ പ്രാരംഭ നടപടി ആരംഭിച്ചു.
കഴിഞ്ഞ നവംബറില്‍ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ വില്ലുമല പ്രദേശത്ത് വനം മന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതി പ്രകാരം ആദ്യഘട്ടമായി 55 ലക്ഷം രൂപ ചെലവില്‍ കുളത്തൂപ്പുഴ-അമ്പതേക്കര്‍ പാതയോരത്തായാണ് തൂങ്ങിക്കിടക്കുന്ന വൈദ്യുത വേലി (ഹാംഗിങ് ഫെന്‍സിങ്) സ്ഥാപിക്കുന്നത്.
കേരള ഇലക്ട്രിക്കല്‍ ആൻഡ് അലീഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡ് (കെല്) നേതൃത്വത്തിലാണ് വേലിയുടെ രൂപരേഖയും നിര്‍മാണവും നടത്തുന്നത്. ആദ്യഘട്ടമായി വേലിക്കാവശ്യമായ തൂണുകള്‍ സ്ഥാപിക്കുന്നതിനുവേണ്ടി വനപാതയുടെ ഓരം ചേര്‍ന്ന് അടിക്കാടുകളും മരച്ചില്ലകളും വെട്ടിനീക്കി വൃത്തിയാക്കുന്ന ജോലികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. പദ്ധതി പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിർമാണ പ്രവൃത്തികള്‍ ആരംഭിച്ചിരുന്നില്ല. അടുത്തിടെ കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതോടെ പദ്ധതി അടിയന്തരമായി നടപ്പാക്കുന്നതിനു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഉന്നതങ്ങളിൽ നിന്ന് കര്‍ശന നിർദേശമെത്തി. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ അടിക്കാട് വൃത്തിയാക്കുകയും ഇരുമ്പ് പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് വേണ്ട കോണ്‍ക്രീറ്റ് തയാറാക്കുന്നതിനാവശ്യമായ മെറ്റലും പാറപ്പൊടിയുമെത്തിക്കുയും ചെയ്തു. അടുത്ത ദിവസം തന്നെ നിർമാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.