തൊഴിൽതേടി പോയവർ വോട്ടെടുപ്പിന് എത്തിയില്ലെന്ന് വിലയിരുത്തല്‍
text_fieldsകുളത്തൂപ്പുഴ: കിഴക്കന്‍ മലയോര മേഖലയില്‍ പോളിങ് ശതമാനം കുറഞ്ഞതിനു പിന്നില്‍ പ്രദേശത്തുനിന്ന് തൊഴിൽതേടി മറ്റു സ്ഥലങ്ങളിൽ പോയവർ എത്താത്തതിനാലെന്ന് വിലയിരുത്തല്‍.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ മേഖലയില്‍ പോളിങ് ശതമാനം കുറഞ്ഞത് സംബന്ധിച്ച് വിവിധ പാര്‍ട്ടികൾ നടത്തിയ വിലയിരുത്തലിലാണ് വോട്ടു ചെയ്യാനെത്താത്തവരില്‍ ഭൂരിഭാഗം പേരും തൊഴില്‍ തേടി മറ്റു സ്ഥലങ്ങളിലേക്ക് പോയതായി വ്യക്തമായത്.
ഓരോ ബൂത്തിലും ആയിരം മുതല്‍ 1300 വരെയാണ് സമ്മതിദായകരുടെ എണ്ണം. 700 മുതല്‍ 900 പേർ വരെയാണ് വോട്ട് ചെയ്തത്. കിഴക്കന്‍ മേഖലയില്‍ പ്രാദേശികമായ തൊഴിലുകളുടെ ലഭ്യതക്കുറവ് യുവജനങ്ങളെയും സ്ത്രീ തൊഴിലാളികളെയും മറ്റു സ്ഥലങ്ങളിലേക്ക് പോയി ജോലി കണ്ടെത്താൻ പ്രേരിപ്പിക്കുന്നു.
മുന്‍ കാലങ്ങളില്‍ മലയോര മേഖലയിലെ കൂപ്പുകളിലും മറ്റുമായി വനം വകുപ്പ് നേതൃത്വത്തില്‍ മാസങ്ങളോളം വിവിധ തൊഴിലുകള്‍ പ്രദേശവാസികള്‍ക്ക് ലഭിച്ചിരുന്നു. കുളത്തൂപ്പുഴയാറിലെ മണല്‍ ശേഖരിച്ച് വില്പന നടത്തുക വഴി ആയിരങ്ങള്‍ക്കാണ് തൊഴിൽ ലഭിച്ചിരുന്നത്.
ഇതെല്ലാം നിലച്ചതോടെ തൊഴിലാളികളില്‍ ഭൂരിഭാഗം പേരും മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റു ജില്ലകളിലേക്കും തൊഴില്‍തേടി പോകേണ്ട അവസ്ഥയിലായി. സ്ത്രീ തൊഴിലാളികളും വീട്ടമ്മമാരും വീട്ടുജോലിക്കും മറ്റുമായി വടക്കന്‍ ജില്ലകളിലേക്ക് പോവുകയും ചെയ്തതോടെ ഇവരാരും തന്നെ വോട്ടു രേഖപ്പെടുത്തുന്നതിനായി മടങ്ങിയെത്താത്തത് പോളിങ് ശതമാനം കുറയുന്നതിന് കാരണമായതായി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.