പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകാന്‍ തുടങ്ങിയിട്ട് മാസങ്ങൾ
text_fieldsകുളത്തൂപ്പുഴ: വേനല്‍ കടുത്ത് കുടിവെള്ളത്തിനായി ജനം പരക്കം പായുമ്പോള്‍ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ പൈപ്പ് പൊട്ടി ജലം ഒഴുകാന്‍ തുടങ്ങിയിട്ട് മാസങ്ങൾ.
വില്ലേജ് ഓഫിസിലേക്കുള്ള പാതയില്‍ രവീന്ദ്രന് മാസ്റ്റര്‍ സ്മാരകമന്ദിരമായി രാഗസരോവരത്തിന്റെ മതിലിനോട് ചേര്‍ന്നുള്ള ഭാഗത്താണ് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ജലം ഒഴുകുന്നത്. ദിവസവും ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലമാണ് പാഴാകുന്നത്.
ആശുപത്രിയിലേക്കും വില്ലേജ് ഓഫിസിലേക്കുമെത്തുന്നവരുടെ ദേഹത്തേക്ക് ചീറ്റി ഒഴുകുന്ന വെള്ളം പലപ്പോഴും ഇതുവഴി പോകുന്നവരിലാരെങ്കിലും കല്ലോ കട്ടയോ വെച്ച് തടയുന്നതിനാല്‍ വഴിയാത്രക്കാരുടെ ദേഹത്തേക്ക് വീഴാതെ ഒഴുകി നഷ്ടപ്പെടുന്നു. മാസങ്ങള്‍ക്ക് മുമ്പ് വില്ലേജ് ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സന്ദര്‍ഭത്തില്‍ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്ന വിവരം നാട്ടുകാര്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.
ആഴ്ചകള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ആശുപതിയിലേക്കുള്ള പാത ഇന്റര്‍ലോക്ക് കട്ടകള്‍ പാകി നവീകരിക്കുന്ന സമയത്തും ഇതുസംബന്ധിച്ച് പ്രാദേശിക നേതാക്കളില്‍ ചിലര്‍ അധികൃതരോട് സംസാരിച്ചിരുന്നു. എന്നാലിതുവരെയും ഒരു നടപടിയും പ്രാദേശിക സര്‍ക്കാറിന്റെ ഭാഗത്തുനിന്നോ വാട്ടര്‍ അതോറിറ്റി അധികൃതരില്‍ നിന്നോ ഉണ്ടായിട്ടില്ല.
വേനല്‍ കടുത്ത് കുളങ്ങളും കിണറുകളും വരണ്ടതോടെ ശുദ്ധ ജലത്തിനായി നാട്ടുകാര്‍ പരക്കം പായുന്നതിനിടെയിലാണ് ആശുപത്രിക്ക് മുന്നില്‍ വാട്ടര്‍ അതോറിറ്റി വക ഫൌണ്ടന് പോലെ കുടിവെള്ളം പാഴാകുന്നത്. അടിയന്തരമായി പൈപ്പ് അറ്റകുറ്റപ്പണി നടത്തി കുടിവെള്ളം പാഴാകുന്നത് തടയണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.