ജല്‍ജീവന്‍ മിഷന് പദ്ധതി പാതിവഴിയിലുപേക്ഷിച്ചു; കുടിവെള്ളംമുട്ടി ആദിവാസി കുടുംബങ്ങള്‍
text_fieldsകുളത്തൂപ്പുഴ: ആദിവാസി കോളനിയിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി പ്രഖ്യാപിച്ച ജല്‍ജീവന്‍ മിഷന് പദ്ധതി പാതിവഴിയിലുപേക്ഷിച്ചു. കുടിവെള്ളംമുട്ടി ആദിവാസി കുടുംബങ്ങള്‍. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ വില്ലുമല ആദിവാസി കോളനിയിലെ അമ്പതോളം കുടുംബങ്ങളാണ് വേനല്‍ കടുത്തതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. അഞ്ചുവര്‍ഷം മുമ്പ് ജില്ല പഞ്ചായത്ത് നേതൃത്വത്തില്‍ 18 ലക്ഷം രൂപ മുടക്കി കോളനിയില്‍ കിണറും പൈപ്പും ടാങ്കും സ്ഥാപിച്ച് പ്രദേശത്തെ എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളമെത്തിക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നു. എന്നാൽ, പമ്പ് തകരാറിലായതോടെ ജലവിതരണം മുടങ്ങി. പലതവണ അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല.
പരാതികൾ വർധിച്ചതോടെ പഴയ കിണറിലെ മോട്ടോറും അനുബന്ധ സാമഗ്രികളും തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തന സജ്ജമാക്കുന്നതിനുപകരം പുതുതായി ജല്‍ജീവന്‍ മിഷന് പദ്ധതി പ്രകാരം കുടിവെള്ളമെത്തിക്കുമെന്ന പ്രഖ്യാപനമാണുണ്ടായത്. വാട്ടര്‍ അതോറിറ്റിക്ക് ഗ്രാമപഞ്ചായത്ത് തുക അടച്ചതിനു പിന്നാലെ ജല്‍ജീവന്‍ മിഷന് ഉദ്യോഗസ്ഥരും കരാറുകാരുമെത്തി മലയോരത്തെ കുന്നിന് ചരുവിലൂടെ പ്രദേശത്തേക്ക് കുടിവെള്ള പൈപ്പ് സ്ഥാപിച്ചു. കോളനിക്കുള്ളില്‍ പാതയോരത്ത് ജില്ല പഞ്ചായത്ത് സ്ഥാപിച്ചിരുന്ന കുടിവെള്ള വിതരണ പൈപ്പുകളെല്ലാം വെട്ടിപൊട്ടിച്ച ശേഷം പുതിയ പൈപ്പ് സ്ഥാപിക്കുകയുമായിരുന്നു.
തുടർന്ന് പ്രധാന കുടിവെള്ള വിതരണ പൈപ്പിലേക്ക് കൂട്ടിയോജിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് ഏറെ ഉയര്‍ന്ന പ്രദേശത്തെ കോളനിയിലേക്ക് നിലവിലെ ടാങ്കില്‍ നിന്ന് വെള്ളമെത്തിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായത്. ഇതോടെ കരാറുകാരന് പണി ഉപേക്ഷിച്ചു പോയി. വേനല്‍ കടുത്ത് കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പഴയ കുളത്തിലെ മോട്ടോര്‍ പമ്പ് തകരാര്‍ പരിഹരിച്ച് സ്ഥാപിക്കുന്നതിന് ആദിവാസികള്‍ തയാറായെങ്കിലും ഇവയുടെ പൈപ്പുകള്‍ ജല്‍ജീവന്‍ മിഷന് കരാറുകാര്‍ തകര്‍ത്തതിനാല്‍ അതിനും കഴിയാത്ത അവസ്ഥയാണ്.
ഇതോടെ ലക്ഷങ്ങള്‍ മുടക്കിയ കുടിവെള്ളപദ്ധതി ഉപയോഗശൂന്യമായി മാറുകയും ചെയ്തു. പ്രദേശത്തെ കിണറുകളിലെല്ലാം ജലനിരപ്പ് താഴുകയും അരുവികളും നീര്‍ച്ചാലുകളും വരണ്ടുണങ്ങുകയും ചെയ്തതോടെ കോളനി വാസികള്‍ അകലെ മലയടിവാരത്തുള്ള കുളത്തില്‍ നിന്നും തലച്ചുമടായാണ് കുടിവെള്ളമെത്തിക്കുന്നത്. പ്രദേശത്തെ വനത്തില്‍ കാട്ടാനകളുടെയും കാട്ടുപോത്തുകളുടെയും ശല്യം നിത്യമായതിനാല്‍ കുളിക്കുന്നതിനും അലക്കുന്നതിനും സമീപത്തായി ഒഴുകുന്ന പുഴയിലേക്ക് പോകാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്. ചതുപ്പുകളിലും വയലേലകളിലും കുത്തിയുണ്ടാക്കിയ കുളങ്ങളിലെ വെള്ളമുപയോഗിച്ചാണ് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതെന്നും വീട്ടമ്മമാര്‍ പറയുന്നു. അടിയന്തരമായി കോളനി പ്രദേശത്തേക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.