അപകട ഭീഷണിയായ ഭാഗം ഗതാഗതയോഗ്യമാക്കി
text_fieldsകുളത്തൂപ്പുഴ: മലയോര ഹൈവേയുടെ ഭാഗമായ റോഡിന്റെ വശങ്ങള് ഇടിഞ്ഞുതാണ് അപകടഭീഷണിയായി മാറിയ ഭാഗം നവീകരിച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കുളത്തൂപ്പുഴ-അഞ്ചല്‍ പാതയില്‍ ഫെഡറല്‍ ബാങ്കിനു സമീപത്തായി സംരക്ഷണഭിത്തി ഇടിഞ്ഞുതാണതിനെ തുടര്‍ന്ന് പുനര്‍നിര്‍മിച്ച റോഡിലുണ്ടായ തകര്‍ച്ചയാണ് കഴിഞ്ഞദിവസം പൊതുമരാമത്ത് ഇടപെട്ട് തകരാര്‍ പരിഹരിക്കാനുളള നിര്‍മാണം തുടങ്ങിയത്.
വളവുതിരിയുന്ന പാതയിലുള്ള കുഴി അറിയാതെ എത്തിയ ഇരുചക്രവാഹയാത്രികന് കഴിഞ്ഞദിവസം കെ.എസ്.ആര്.ടി.സി ബസുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട പി.എസ്. സുപാല്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിക്കുകയും റോഡിന്റെ നിര്‍മാണത്തിലെ തകരാര്‍ അടിയന്തരമായി പരിഹരിച്ച് അപകടഭീഷണി ഒഴിവാക്കണമെന്ന് മരാമത്ത് വിഭാഗത്തിന് നിര്‍ദേശം നല്‍കുകയുമായിരുന്നു. ഇതോടെയാണ് പൊതുമരാമത്ത് വിഭാഗം കരാറുകാരനെ വിളിച്ചുവരുത്തി റോഡ് നവീകരണം ആരംഭിച്ചത്.
മലയോര ഹൈവേയുടെ നിര്മാണകാലെത്ത അപാകത സംബന്ധിച്ച് നാട്ടുകാര്‍ ഒട്ടേറെ തവണ പ്രതിഷേധം ഉയര്‍ത്തുകയും സര്‍ക്കാറിനും പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്കും നിരവധി പരാതികള്‍ നല്‍കിയെങ്കിലും അധികൃതര്‍ ചെവികൊണ്ടിരുന്നില്ല. ഇതിനിടെ നിരവധി അപകടങ്ങളുണ്ടായി. കുളത്തൂപ്പുഴ സ്വദേശിയായ യുവാവിന്റെ ജീവന് പൊലിയുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസത്തെ അപകടത്തെ തുടര്‍ന്ന് ജനരോഷം ഉയര്‍ന്ന് എം.എല്‍.എ ഇടപെട്ടതോടെയാണ് മരാമത്ത് വിഭാഗം അടിയന്തരമായി നിര്‍മ്മാണം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.