സഞ്ചാരികള്‍ക്ക് പ്രിയങ്കരമായി കുളത്തൂപ്പുഴ വനം മ്യൂസിയം
text_fieldsകുളത്തൂപ്പുഴ: ഭൂപ്രകൃതിയും തനിമയും നിലനിര്‍ത്തി ആധുനികരീതിയിൽ വനം വകുപ്പ് നിർമിച്ച വനം മ്യൂസിയം സഞ്ചാരികള്‍ക്ക് പ്രിയങ്കരമാകുന്നു. തിരക്ക് വർധിച്ചതോടെ മ്യൂസിയം പ്രവര്‍ത്തനം തുടങ്ങി കുറഞ്ഞസമയംകൊണ്ട് വനം വകുപ്പിന് മികച്ച വരുമാനം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കുളത്തൂപ്പുഴ സ്കൂള്‍ ജങ്ഷനോട് ചേര്‍ന്ന് അന്തര്‍സംസ്ഥാന പാതയോരത്ത് വനം റേഞ്ച് ഓഫിസ് പഴയ മന്ദിരത്തിനു സമീപത്തും ചുറ്റുമുള്ള കുട്ടിവനവും കല്ലടയാറിന്റെ തീരങ്ങളിലുമായാണ് വന മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. ഇവിടെയുള്ള മരങ്ങളൊന്നും മുറിച്ച് നീക്കാതെയും കൂടുതല്‍ വെച്ച് പിടിപ്പിച്ചതും വഴി പ്രകൃതിഭംഗിയും പച്ചപ്പും പ്രശാന്തത നിറഞ്ഞ അന്തരീക്ഷവുമാണ് ആകർഷകം. മ്യൂസിയം സംരംഭം വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞതോടെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഒരുക്കത്തിലാണ് വനം വകുപ്പ്. വനംവകുപ്പിന്റെ എല്ലാ മ്യൂസിയങ്ങളുടേയും ഒരു ശൃംഖല ഒരുക്കി രാജ്യാന്തര തലത്തില്‍ നാചുറൽ ഹിസ്റ്ററി മ്യൂസിയങ്ങളുമായി നെറ്റ്വർക്ക് മുഖേന ബന്ധിപ്പിക്കാനും അടുത്ത ഘട്ടത്തില്‍ ലക്ഷ്യമിടുന്നുണ്ട്.
വിഷയത്തിൽ സെമിനാറുകളും സിംപോസിയങ്ങളും ഒരുക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ എക്സിബിഷൻ ഹാൾ, ഓഡിയോ വിഷ്വൽ റൂമും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതിന് പുറമെ ഗെസ്റ്റ്ഹൗസ് സൗകര്യവും ഇവിടെയുണ്ട്. കൂടുതല്‍ ആഭ്യന്തര - വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിനായി വനം മ്യൂസിയത്തോട് ചേര്‍ന്ന് ഒഴുകുന്ന കുളത്തൂപ്പുഴയാറിന്റെ കരയിലായി സ്നാനഘട്ടവും ഇരിപ്പിടങ്ങളും പൂന്തോട്ടങ്ങളുമൊരുക്കും. വനാന്തരീക്ഷത്തിലുള്ള കുട്ടികളുടെ പാര്‍ക്കും റെസ്റ്റ് ഏരിയയും ഏറെപ്പേരുടെ മനം കവരുന്നതുമാണ്. രേഖാ ചിത്രങ്ങള്‍, പെയിന്റിങ്ങുകള്‍, വ്യത്യസ്തങ്ങളായ ഫോട്ടോ ശേഖരങ്ങൾ, ശിൽപങ്ങൾ, പുരാവസ്തുശേഖരങ്ങൾ തുടങ്ങി കൗതുകമുണർത്തുന്ന ഒട്ടേറെ സാധ്യതകളാണ് ഇവിടെ ഉള്ളത്. ഇതിനോട് ചേർന്ന് ഫോറസ്റ്റ് ഇൻഫർമേഷൻ സെൻറും ഇക്കോഷോപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. തിങ്കളാഴ്ചയൊഴികെ മറ്റെല്ലാ ദിനങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കും. മ്യൂസിയത്തിനുള്ളില്‍ പ്രവേശിച്ചാല്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സംവിധാനം ചെയ്തിട്ടുള്ള നിരവധിയായ കാഴ്ചകളും അനുഭവങ്ങളും ആവോളം ആസ്വദിച്ച് മടങ്ങാമെന്നതും സഞ്ചാരികള്‍ക്ക് ഏറെ പ്രിയമാകുന്നുണ്ട്.
വനം വകുപ്പ് നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ നിരക്കിലെ തുക കെട്ടിവെച്ചാല്‍ വനം മ്യൂസിയത്തിലെ കോണ്‍ഫറന്‍സ് ഹാള്‍ പൊതുജനങ്ങള്‍ക്ക് വിവാഹ സല്‍ക്കാരത്തിനും, പിറന്നാല്‍ ആഘോഷങ്ങള്‍ക്കും, മറ്റ് പൊതു ചടങ്ങുകള്‍ക്കും വിട്ടുകിട്ടുകയും ചെയ്യും. ഇതിനകംതന്നെ പുതുവത്സരാഘോഷവും വിദ്യാര്‍ഥി കൂട്ടായ്മകളുടെ പരിപാടികളും തുടങ്ങി നിരവധി സ്വകാര്യ ചടങ്ങുകള്‍ക്ക് വേദിയാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.