കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രക്കടവില്‍ സ്നാനഘട്ടം; തീരസംരക്ഷണ പദ്ധതി
text_fieldsകുളത്തൂപ്പുഴ: പുഴകളും നദികളും മാലിന്യ മുക്തമാക്കി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ‘ഒഴുകാം ശുചിയായി’ പദ്ധതിയുടെ ഭാഗമായി കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രക്കടവില്‍ സ്നാനഘട്ടവും തീര സംരക്ഷണ സംവിധാനവും ഒരുക്കുന്നു. ക്ഷേത്ര പരിസരത്തുനിന്ന് പുഴയിലേക്ക് ഇറങ്ങാവുന്ന തരത്തില്‍ പടിക്കെട്ടുകളും കുളിക്കടവും ഒരുക്കുന്നതോടൊപ്പം പ്രദേശത്തേക്കെത്തുന്ന സഞ്ചാരികള്‍ക്കും യാത്രികര്‍ക്കും മീനുകളെ കാണാനും വിശ്രമിക്കാനുമുള്ള സൗകര്യവും ഒരുക്കും. ഒപ്പം വാഴത്തോപ്പ് കടവുവരെയുള്ള തീരങ്ങള്‍ കരിങ്കല്ലുകെട്ടി സംരക്ഷിക്കാനും പദ്ധതിയുണ്ട്.
മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ അനുമതിയോടെയാണ് 42.8 ലക്ഷം രൂപ ടെന്‍ഡര്‍ പൂര്‍ത്തിയാക്കിയത്. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി പുഴയോരത്ത് അടിഞ്ഞ മണ്ണും ചളിയും നീക്കൽ ആരംഭിച്ചു. നിർമാണ പ്രവര്‍ത്തനങ്ങൾ തിങ്കളാഴ്ച അമ്പലക്കടവില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ല പഞ്ചായത്തംഗം കെ. അനില്‍കുമാര്‍ പറഞ്ഞു. മലവെള്ളപ്പാച്ചിലുണ്ടാകുമ്പോള്‍ കരയിടിയുന്നതും മണ്ണും ചളിയും തീരങ്ങളില്‍ അടിയുന്നതുമാണ് ഇവിടത്തെ പ്രധാന പ്രശ്നം. വെള്ളം ഒഴുകാനുള്ള സൗകര്യമൊരുക്കുന്നതോടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.