പ്രധാനമന്ത്രിയുടെ പേരിലുള്ള വായ്പാ തട്ടിപ്പ്; കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി
text_fieldsകുളത്തൂപ്പുഴ: പ്രധാനമന്ത്രിയുടെ പേരിലുള്ള സ്വയം തൊഴില്‍ വായ്പ പദ്ധതി മറയാക്കി പലരില്‍ നിന്നുമായി കോടികള്‍ തട്ടിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതികളെ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനും വേണ്ടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കേസിലെ രണ്ടാം പ്രതി ഭാരതീപുരം സുമിത ഭവനില്‍ സുമിത (36), കൂട്ടാളിയായ നാലാം പ്രതി ഏരൂര്‍ ചില്ലിംഗ് പ്ലാന്റിനു സമീപം വിപിന്‍ സദനത്തില്‍ വിപിന്‍കുമാര്‍ (42) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്.
യുവജനങ്ങള്‍ക്കായി പ്രധാന മന്ത്രിയുടെ പേരിലുള്ള സ്വയം തൊഴില്‍ വായ്പ ലഭിക്കാന്‍ മാര്‍ജിന്‍ മണിയായി വന്‍തുക അക്കൗണ്ടില്‍ ബാലന്‍സ് കാണിക്കണമെന്നും വായ്പ ലഭിച്ചാല്‍ തൊഴില്‍ ആരംഭിക്കുന്നതിനായി കൂടുതല്‍ തുക നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് പ്രതികള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പലരില്‍ നിന്നുമായി കോടിയോളം രൂപ തട്ടിച്ചത്. എന്നാല്‍ അവധികള്‍ പലതും കഴിഞ്ഞിട്ടും വായ്പയോ വാങ്ങിയ പണമോ തിരികെ കിട്ടാതായതോടെ കുളത്തുപ്പുഴ, കടയ്ക്കല്‍ സ്വദേശികളായ ഒരുകൂട്ടം വീട്ടമ്മമാര്‍ ചേര്‍ന്ന് കുളത്തുപ്പുഴ, ചിതറ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ ചിതറ പോലീസ് ഒന്നാം പ്രതിയായ രമ്യയെ പിടി കൂടിയിരുന്നു. മൂന്നു മാസത്തോളം ഒളിവില്‍ കഴിഞ്ഞിരുന്ന സുമിതയെയും വിപിന്‍കുമാറിനെയും രഹസ്യ വിവരത്തെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് കുളത്തൂപ്പുഴ പൊലീസ് പിടികൂടുകയായിരുന്നു. മൂന്നാം പ്രതിയും രമ്യയുടെ ഭര്‍ത്താവുമായ ബിനുസദാനന്ദനെ ഒളിവില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം ചണ്ണപ്പേട്ടയില്‍ നിന്ന് കുളത്തൂപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിയെങ്കില്‍ മാത്രമെ കണ്ടെത്താന്‍ കഴിയുകയൂള്ളൂവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.