പ്രദേശവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നില്ല; മത്സ്യ വിത്തുല്‍പാദന കേന്ദ്രത്തില്‍ തൊഴിലാളികളുടെ പ്രതിഷേധം
text_fieldsനെടുവന്നൂർകടവ് മത്സ്യ വിത്തുല്‍പാദന കേന്ദ്രത്തില്‍ പ്രദേശത്തെ തൊഴിലാളികൾ നടത്തിയ
പ്രതിഷേധം ഒത്തുതീർന്നതിനെ തുടർന്ന് മത്സ്യക്കുഞ്ഞുങ്ങളടങ്ങിയ കവറുകള്‍ വാഹനത്തിലേക്ക് കയറ്റുന്നു
കുളത്തൂപ്പുഴ: സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ കുളത്തൂപ്പുഴ നെടുവന്നൂര്‍ക്കടവില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ വിത്തുല്‍പാദന കേന്ദ്രത്തില്‍ (ഹാച്ചറി) പ്രാദേശിക തൊഴിലുകള്‍ പ്രദേശവാസികള്‍ക്ക് നല്‍കണമെന്ന ആവശ്യം അവഗണിച്ച് കരാര്‍ തൊഴിലാളികളെ ഉപയോഗിച്ച് കയറ്റിറക്ക് ജോലികള്‍ ചെയ്യിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി തൊഴിലാളികള്‍ രംഗത്ത്.
ഹാച്ചറി നിര്‍മാണവുമായി ബന്ധപ്പെട്ട ആദ്യഘട്ട ചര്‍ച്ചകളില്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രദേശവാസികള്‍ക്ക് തൊഴിൽസാധ്യത ഉറപ്പാക്കുമെന്ന് ഫിഷറീസ് വകുപ്പും ബന്ധപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഹാച്ചറി പ്രവര്‍ത്തനമാരംഭിച്ച് മത്സ്യക്കുഞ്ഞുങ്ങളുടെ വില്‍പന ഉയര്‍ന്നിട്ടും പ്രാദേശിക തൊഴിലാളികളെ പരിഗണിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. തുടര്‍ന്ന്, ഏതാനും ആഴ്ച മുമ്പ് തൊഴിലാളി യൂനിയനുകള്‍ പ്രാദേശിക തൊഴിലാളികളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു.
തുടര്‍ന്നും ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കരാറുകാര്‍ പണിയെടുപ്പിക്കുകയായിരുന്നത്രെ. ഇതിൽ പ്രദേശത്തെ തൊഴിലാളികള്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചു. കഴിഞ്ഞദിവസം പുലര്‍ച്ച മത്സ്യക്കുഞ്ഞുങ്ങളെ സ്വകാര്യ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുന്നതിനിടെയായിരുന്നു പ്രതിഷേധം.
കെ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് റോയി ഉമ്മന്‍, സി.പി.എം ഏരിയകമ്മിറ്റി അംഗവും തോട്ടംതൊഴിലാളി യൂനിയന്‍ നേതാവുമായ എസ്. ഗോപകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. സംഭവമറിെഞ്ഞത്തിയ പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കുതര്‍ക്കമുണ്ടായി.
പൊലീസ് യൂനിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഇനിയുള്ള തൊഴിലുകള്‍ക്ക് പ്രദേശവാസികളെ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കുകയും പ്രതിഷേധം അവസാനിപ്പിക്കുകയും മത്സ്യക്കുഞ്ഞുങ്ങളടങ്ങിയ കവറുകള്‍ വാഹനത്തിലേക്ക് കയറ്റി നല്‍കുകയും ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.