കുളത്തൂപ്പുഴ ടൗണില്‍ സാമൂഹികവിരുദ്ധരുടെ ശല്യം ഏറുന്നു
text_fieldsകുളത്തൂപ്പുഴ: ടൗണ്‍ പ്രദേശത്ത് ദിനംപ്രതി സാമൂഹികവിരുദ്ധരുടെ ശല്യം ഏറിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നു. കഴിഞ്ഞദിവസം രാത്രിയില്‍ കുളത്തൂപ്പുഴ ടൗണിലെ വിവിധ വ്യാപാര ശാലകള്‍ക്ക് മുന്നിലുണ്ടായിരുന്ന ചെടിച്ചട്ടികളും ചെടികളും റോഡിലേക്ക് വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ബേക്കറിക്ക് മുന്നിലെ ചില്ലുകൂട് അടിച്ചുതകര്‍ക്കുകയും ചെയ്തു.
രാത്രികാലങ്ങളില്‍ മറ്റ് സ്ഥലങ്ങളില്‍നിന്ന് അലഞ്ഞു തിരിഞ്ഞെത്തുന്നവരും വീടുവിട്ടിറങ്ങിയവരുമായി നിരവധിപേരാണ് കുളത്തൂപ്പുഴ ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ അന്തിയുറങ്ങുന്നത്. എന്നാല്‍ കഴിഞ്ഞരാത്രിയില്‍ സ്ഥലത്തെത്തിയ ഒരു യുവാവാണ് ഇത്തരത്തില്‍ പൊലീസ് സ്റ്റേഷന് സമീപത്തെ യു.പി സ്കൂള്‍ കവല മുതല്‍ സെന്‍ട്രല്‍ ജങ്ഷന് വരെയുള്ള ഭാഗത്തെ വിവിധ വ്യാപാര ശാലകള്‍ക്ക് മുന്നില്‍ വെച്ചിരുന്ന ചെടികള്‍ ചെടിച്ചട്ടിയടക്കം പൊതുനിരത്തിലേക്ക് വലിച്ചെറിഞ്ഞതെന്ന് നിരീക്ഷണ കാമറ ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിട്ടുണ്ട്.
പുലര്‍ച്ചെ നടക്കാന്‍ പോകുന്നവരും ദൂരെസ്ഥലങ്ങളില്‍ ജോലിക്കായും മറ്റും ഇരുചക്രവാഹനത്തിലും മറ്റും കടന്നുപോകുന്നവരും പാതയോരത്ത് ചെടിച്ചട്ടി അടക്കം ചെടികളും മറ്റും കിടക്കുന്നത് ശ്രദ്ധയില്‍പെടാതെ അപകടത്തില്‍പെടാനുള്ള സാധ്യത ഏറെയാണെന്ന് നാട്ടുകാര്‍ പറയുന്നു. ടൗണിലും പരിസര പ്രദേശങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും സാമൂഹികവിരുദ്ധരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.