പാതയോരത്തെ അപകടഭീഷണിയിലായ മരങ്ങൾ മുറിക്കാൻ നടപടിയില്ല
text_fieldsകുളത്തൂപ്പുഴ: പാതയോരത്ത് അപകടാവസ്ഥയിലുള്ള മരം മുറിച്ചുനീക്കാന്‍ കലക്ടര്‍ ഉത്തരവിട്ടിട്ടും നടപടികളില്ലാത്തത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. തിരുവനന്തപുരം- ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ മലയോര ഹൈവേയുടെ വശങ്ങളിൽ അപകട ഭീഷണിയായി വളരുന്ന മരങ്ങള്‍ മുറിച്ചുനീക്കാന്‍ മാസങ്ങള്‍ക്ക് മുമ്പാണ് കലക്ടര്‍ ഉത്തരവിട്ടത്. എന്നാൽ, വകുപ്പുകളുടെ നടപടിക്രമങ്ങള്‍ ഒച്ചിഴയും വേഗത്തിലായതിനാല്‍ അപകട ഭീഷണി തുടരുകയാണ്.
മടത്തറമുതല്‍ തെന്മലവരെയുള്ള ഭാഗത്ത് നിരവധി മരങ്ങളാണ് 11 കെ.വി വൈദ്യുതി കമ്പികള്‍ക്ക് മുകളിലൂടെ പടര്‍ന്ന് റോഡിലേക്ക് ശിഖരങ്ങള്‍ പടർന്ന നിലയിലുള്ളത്. ദിവസങ്ങള്‍ക്ക് മുമ്പ് ഡാലി കണ്ടച്ചിറക്ക് സമീപം മരച്ചില്ല ഒടിഞ്ഞ് റോഡിലേക്ക് പതിച്ചിരുന്നു. സംഭവസമയം പാതയില്‍ വാഹനങ്ങള്‍ കടന്നുവരാതിരുന്നതിനാല്‍ അപകടം ഒഴിവായി.
ഇതുസംബന്ധിച്ച് അന്ന് പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. പൊതുമരാമത്തിന്‍റെ അധീനതയിലുള്ള ഭൂമിയില്‍ നില്‍ക്കുന്ന മരങ്ങള്‍ നീക്കം ചെയ്യണമെങ്കില്‍ സാമൂഹിക വനവത്കരണ വിഭാഗത്തിന്‍റെ അനുമതിവേണം. പാഴ്മരങ്ങള്‍ക്കുപോലും ഇവര്‍ നിശ്ചയിക്കുന്ന ഉയര്‍ന്ന തുക മരമുറി കരാറെടുക്കാന്‍ ആളെ കിട്ടാറില്ല. ഇതാണ് പലപ്പോഴും മരങ്ങള്‍ നീക്കം ചെയ്യാന്‍ തടസ്സമാകുന്നത്. അപകടാവസ്ഥയിലായ മരങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പ് പൊതുപ്രവര്‍ത്തകനായ കണ്ടന്‍ചിറ ഷാനവാസ് കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. വൈദ്യുതി ലൈനുകള്‍ക്ക് മുകളിലൂടെ മരങ്ങൾ പടർന്നുനിൽക്കുന്നത് ശിഖരങ്ങൾ വീണ് മഴക്കാലത്ത് വൈദ്യുതി മുടക്കത്തിനും കാരണമായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.