അറ്റകുറ്റപ്പണിയില്ല; ഗെസ്റ്റ് ഹൗസ് കെട്ടിടം തകര്‍ച്ചയിലേക്ക്
text_fieldsകുളത്തൂപ്പുഴ: കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്താതായതോടെ കുളത്തൂപ്പുഴ പഞ്ചായത്ത് ഗെസ്റ്റ് ഹൗസ് കെട്ടിടം തകര്‍ച്ചയിലേക്ക്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രാമപഞ്ചായത്ത് നിര്‍മിച്ച ബഹു നില മന്ദിരമാണ് തകര്‍ച്ച നേരിടുന്നത്. ആദ്യഘട്ടത്തില്‍ ഗെസ്റ്റ് ഹൗസ് എന്ന നിലയില്‍ പണിത മൂന്നു നില കെട്ടിടം പിന്നീട് സ്വന്തമായി സ്ഥലമോ ഓഫിസോ ഇല്ലാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനായി വിട്ടു നല്‍കുകയായിരുന്നു.
നിലവില്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് കുളത്തൂപ്പുഴ സെക്ഷന്‍ ഓഫിസ്, ശിശുക്ഷേമ സമിതി അഞ്ചല്‍ അഡീഷനല്‍ ഓഫിസ്, ഗവ. ഹോമിയോ ആശുപത്രി എന്നിവ ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ പ്രാവശ്യവും ഗ്രാമപഞ്ചായത്തില്‍ പുതിയ ഭരണ സമിതികള്‍ അധികാരത്തിലെത്തുമ്പോള്‍ അവശ്യംവേണ്ടതായ അറ്റകുറ്റപ്പണി നടത്താന്‍ മുതിരാതെ കെട്ടിടത്തിന് ചായം പൂശുക മാത്രമാണ് ചെയ്യുന്നത്. മേല്‍ക്കൂരയിലെ ചോര്‍ച്ച ഒഴിവാക്കുന്നതിനായി മുന്‍ ഭരണ സമിതിയുടെ കാലത്ത് തകര ഷീറ്റിട്ടെങ്കിലും വര്‍ഷകാലത്തെ ശക്തമായ കാറ്റില്‍ ഇവ നിശ്ശേഷം തകര്‍ന്നു. കെട്ടിടത്തിന്റെ പിറകുവശത്തെ അവസ്ഥ പരിതാപകരമാണ്. മേല്‍ക്കൂരയില്‍ വെള്ളം ഒലിച്ചിറങ്ങി ഭിത്തികളെല്ലാം കുതിര്‍ന്ന് ഏതു നിമിഷവും അടര്‍ന്നു വീഴാവുന്ന അവസ്ഥയിലായി. മേല്‍ക്കൂരയിലെ കോണ്ക്രീറ്റില്നിന്നും സിമന്റ് പാളികൾ അടര്‍ന്നു വീഴുന്നു. ഭിത്തികളില്‍ വിള്ളലുകളുണ്ട്. ദുരന്തങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ അടിയന്തരമായി അധികൃതര്‍ ഇടപെട്ട് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തി സുരക്ഷ ഉറപ്പാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.