ആശങ്ക ഒഴിഞ്ഞു: ചാക്കില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത് നായുടെ ജഡം
text_fieldsകുളത്തൂപ്പുഴ: പഞ്ചായത്ത് പൊതു ശൗചാലയത്തിന് സമീപത്തെ ചവറുകൂനക്കിടയില് നിന്നു ശക്തമായ ദുര്‍ഗന്ധം വമിച്ചതോടെ നടത്തിയ തെരച്ചിലില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ജീർണിച്ച ജഡം കണ്ടെത്തിയത് കുളത്തൂപ്പുഴ ടൌണില്‍ ഏറെ ആഭ്യൂഹങ്ങള്‍ പടരുന്നതിനിടയാക്കി.
കഴിഞ്ഞ ദിവസം രാവിലെ ശുചീകരണ തൊഴിലാളികളാണ് പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞുകെട്ടിയ നിലയില്‍ അഴുകി ദ്രവിച്ച നിലയിലുള്ള ജഡം കണ്ടെത്തിയത്. മനുഷ്യക്കുഞ്ഞിന്റെ മൃതദേഹമാണെന്ന് ധരിച്ച് തൊഴിലാളികളും സമീപത്തെ വ്യാപാരികളും സംഭവം ഉടന്‍തന്നെ പൊലീസില്‍ അറിയിച്ചു.
സംഭവമറിഞ്ഞ് കുളത്തൂപ്പുഴ സ്റ്റേഷന് ഹൗസ് ഓഫിസര്‍ അനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തുകയും ജഡാവശിഷ്ടങ്ങള്‍ പരിശോധിക്കുകയും ഏതോ മൃഗത്തിന്റെ ശരീര ഭാഗങ്ങളാണെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
ഇതിനിടെ മനുഷ്യക്കുഞ്ഞിന്റെ ജഡം അഴുകിയ നിലയില്‍ കണ്ടെത്തിയെന്നനിലയില് പ്രദേശമാകെ അഭ്യൂഹം പടരുകയും പലരും പ്രദേശത്തേക്ക് എത്തുകയും ചെയ്തു. തുടര്‍ന്ന് കുളത്തൂപ്പുഴ വെറ്ററിനറി ഡോക്ടറെ വരുത്തി പരിശോധന നടത്തി നായുടെ ജഡമാണെന്നു സ്ഥിരീകരിച്ചതോടെയാണ് ആശങ്കക്ക് വിരാമമായത്.
അതേ സമയം, നായെ കൊന്ന് ചാക്കില്‍ കെട്ടി ജനവാസ മേഖലക്ക് നടുക്ക് പൊതുജനങ്ങള്‍ക്ക് ശല്യമായി മാറുന്ന രീതിയില്‍ ഉപേക്ഷിച്ചവരെ പ്രദേശത്തെ നിരീക്ഷണ കാമറകള്‍ പരിശോധിച്ച് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.