പാതയോരം നിറഞ്ഞ് തൂണുകളും കമ്പികളും; ടൗണിൽ പാർക്കിങ്ങിനിടമില്ല
text_fieldsകുളത്തൂപ്പുഴ: വൈദ്യുതി ലൈനുകള്‍ ആധുനീകരിക്കുന്നതിന്റെ ഭാഗമായി കുളത്തൂപ്പുഴ ടൗണില്‍നിന്ന് വൈദ്യുതിവകുപ്പ് നീക്കിയ ഇരുമ്പ് തൂണുകളും കമ്പികളും കരാറുകാരന് പാതയോരത്ത് നിക്ഷേപിച്ചതോടെ കുളത്തൂപ്പുഴ ടൗണിനോട് ചേര്‍ന്ന പ്രദേശത്തെങ്ങും വാഹനം നിര്ത്തിയിടാനാവാതെ യാത്രികര്‍. ടൗണിലെ ട്രാഫിക് പരിഷ്കരണ ഭാഗമായി കുളത്തൂപ്പുഴ പോസ്റ്റ് ഓഫിസ് കവല മുതല്‍ യു.പി സ്കൂള്‍ ജങ്ഷന് വരെ പാതയുടെ ഒരുവശത്ത് പാര്‍ക്കിങ് നിരോധനമുണ്ട്. മറുവശം ഓട്ടോ സ്റ്റാന്‍ഡുമാണ്.
പാര്‍ക്കിങ്ങിനായി ഉണ്ടായിരുന്നത് യു.പി സ്കൂള്‍ മതിലിനോട് ചേര്‍ന്നുള്ള ഭാഗവും വനംവകുപ്പ് ഓഫിസ് കെട്ടിടത്തിനോട് ചേര്‍ന്നുള്ള ഭാഗവുമായിരുന്നു. കുളത്തൂപ്പുഴ ടൗണിലെ വ്യാപാരശാലകളിലേക്കും മറ്റുമെത്തുന്നവര്‍ ഇവിടെയാണ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്. എന്നാല്‍ ടൗണിലെ വൈദ്യുതി ലൈനുകള്‍ മാറ്റിസ്ഥാപിക്കുന്നതിന്റെ ഭാഗമായി പിഴുതുമാറ്റിയ പഴയ ഇരുമ്പുതൂണുകള്‍ അവയുടെ കോണ്‍ക്രീറ്റ് പാളിയടക്കം സ്കൂള്‍ മതിലിനോട് ചേര്‍ന്ന പ്രദേശത്ത് കൂട്ടിയിട്ടതോടെ വാഹനങ്ങള്‍ നിര്ത്തിയിടാനാവാതെയായി.
പലരും വ്യാപാരസ്ഥാപനങ്ങളുടെ മുന്നില്‍ വാഹനം നിര്‍ത്തി സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നത് ഗതാഗതക്കുരുക്കിനിടയാക്കുന്നുമുണ്ട്. കരാറുകാര്‍ പാതയോരത്ത് കൂട്ടിയിട്ടിരിക്കുന്ന വൈദ്യുതിതൂണുകളും അനുബന്ധ സാമഗ്രികളും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകാത്ത മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റിയാല്‍തന്നെ ടൗണിലെത്തുന്ന പകുതിയിലധികം വാഹനങ്ങള്‍ക്കും പാർക്കിങ്ങിന് സ്ഥലമുണ്ടാകുമെന്നും ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്നും വ്യാപാരികള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.