പൊതുമാര്‍ക്കറ്റ് സ്റ്റാളുകള്‍ തകര്‍ച്ചയിൽ; നടപടിയെടുക്കാതെ പഞ്ചായത്ത്
text_fieldsകുളത്തൂപ്പുഴ: കുളത്തൂപ്പുഴ പൊതുമാര്‍ക്കറ്റിലെ ഇറച്ചി സ്റ്റാള്‍ മുറികള്‍ ഭീഷണി ഉയര്‍ത്തുന്നു. അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കാതെ വന്നതോടെ മേല്‍ക്കൂരയിലെ ഇരുമ്പുകമ്പികള്‍ ദ്രവിച്ച് കോണ്‍ക്രീറ്റ് പാളികള്‍ പൊട്ടിത്തകര്‍ന്നും ഭിത്തികളിലെ ഇഷ്ടികയും കട്ടകളും ദ്രവിച്ച് പൊടിഞ്ഞും ഏതുനിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലാണിവിടം. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച സ്റ്റാള്‍ മുറികള്‍ എല്ലാംതന്നെ തകര്‍ന്നടിഞ്ഞു.
നിലവില്‍ ആട്ടിറച്ചി, മാട്ടിറച്ചി സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതും ഇത്തരത്തില്‍ ഏതുനിമിഷവും നിലം പൊത്താവുന്ന നിലയിലുള്ള മുറികളിലാണ്. ആട്ടിറച്ചി സ്റ്റാളിനുള്ളില്‍ മേല്‍ക്കൂര താഴേക്ക് വീഴാതിരിക്കാന്‍ മുറിക്ക് നടുക്ക് തടിക്കമ്പ് കൊണ്ട് ഊന്ന് കൊടുത്തിരിക്കുകയാണ്. പൊതുമാര്ക്കറ്റിനോട് ചേര്‍ന്ന് നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരുടെ വീടുകളോട് ചേര്‍ന്നാണ് തകര്‍ന്ന സ്റ്റാള്‍ മുറികൾ. കുട്ടികൾ കളിക്കുന്നതും വീട്ടുകാർ പുറത്തേക്ക് പോയിവരുന്നതുമെല്ലാം ഈ കെട്ടിടത്തിനിടയിലൂടെയാണ്. ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന നിലയിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി തൊട്ടടുത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പലതവണ ഗ്രാമപഞ്ചായത്തിന് പരാതികള്‍ നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. മാത്രമല്ല പൊതുമാര്‍ക്കറ്റ് നവീകരണം നടപ്പാക്കുന്ന മുറക്ക് ഇവ നീക്കാമെന്ന മറുപടിയാണ് അധികൃതരില്‍നിന്ന് ലഭിച്ചതെന്നും വീട്ടുകാര്‍ പറയുന്നു.
അതേസമയം തകന്നടിഞ്ഞ കെട്ടിടം പൊളിച്ചുനീക്കുന്നതിന് പൊതു മാര്‍ക്കറ്റ് നവീകരണം വരെ കാത്തിരിക്കുന്നത് ദുരന്തമുണ്ടാക്കുമെന്നും അടിയന്തരമായി ഈ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്നുമുള്ള ആവശ്യവുമായി മനുഷ്യാവകാശ കമീഷന് പരാതി നല്‍കാനൊരുങ്ങുകയാണ് ഈ കുടുംബങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.