രവീന്ദ്രന് സ്മരണയിൽ രാഗസരോവരം തുറക്കുന്നു
text_fieldsകുളത്തൂപ്പുഴ: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഉദ്ഘാടനത്തിനൊരുങ്ങി രവീന്ദ്രന് സ്മാരകം. അന്തരിച്ച സിനിമ സംഗീത സംവിധായകന് രവീന്ദ്രന് മാസ്റ്ററുടെ സ്മരണാർഥം നിർമിച്ച സ്മാരക മന്ദിരം ജൂലൈ എട്ടിന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നാടിന് സമര്‍പ്പിക്കും. സംഘാടക സമിതി ആലോചന യോഗത്തില്‍ പി.എസ്. സുപാല്‍ എം.എല്‍.എ വിശദാംശങ്ങള്‍ വ്യക്തമാക്കി.
2009 ല്‍ കുളത്തൂപ്പുഴ പഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങിൽ ഗായകന് കെ.ജെ. യേശുദാസാണ് രാഗസരോവരത്തിന് തറകല്ലിട്ടത്. തുറന്നു വച്ച പുസ്തകത്തിൽ സംഗീത ഉപകരണമായ ചെല്ലോ ചാരിവച്ച നിലയിലാണ് കെട്ടിടത്തിന്റെ രൂപകൽപന. ശില്പി കൂടിയായ സിനിമ സംവിധായകൻ രാജീവ് അഞ്ചലിനായിരുന്നു നിർമാണ ചുമതല.
എന്നാല്‍ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ ഭരണമാറ്റം വന്നതോടെ അഴിമതി ആരോപണവും വിജിലന്‍സ് അന്വേഷണത്തിലും കുടുങ്ങി മന്ദിര നിർമാണം നിലക്കുകയായിരുന്നു. അടുത്തിടെയാണ് തടസങ്ങള്‍ നീക്കി സാംസ്കാരിക വകുപ്പിന്റെ അനുമതിയോടെ വീണ്ടും നിർമാണം പുനരാരംഭിച്ചത്.
രണ്ടാം ഘട്ടമായി സ്മാരകത്തിനുള്ളില്‍ സംഗീത സ്കൂളും രവീന്ദ്രസംഗിതം അസ്വദിക്കാനും ശേഖരിക്കുന്നതിനുമുളള ഡിജിറ്റല്‍ സംവിധാനവും ഒരുക്കുമെന്നും കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് ടൂറിസം സാധ്യതകള്‍ ഉള്‍പ്പെടുത്തി വിനോദ സഞ്ചാരികള്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ സാംസ്കാരിക കേന്ദ്രമാക്കി മാറ്റുന്നതിനും പദ്ധതിയുള്ളതായി എം.എല്‍.എ പറഞ്ഞു. വനം വകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ കമല്‍ഹാര്‍, ഡി.എഫ്.ഒ പ്രദീപ്, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അനില്‍കുമാര്‍, ജില്ല പഞ്ചായത്തംഗം കെ. അനില്‍കുമാര്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.