രാജീവ് ഗാന്ധി മെമ്മോറിയല്‍ കളിക്കളം; അവഗണനയുടെ നേര്‍ക്കാഴ്ച
text_fieldsകുളത്തൂപ്പുഴ: അധികാരികളുടെ അവഗണനയുടെ പ്രതിരൂപമായി പതിനാറേക്കറില്‍ സ്ഥിതി ചെയ്യുന്ന കുളത്തൂപ്പുഴ പഞ്ചായത്ത് കളിക്കളം മാറിയിട്ട് നാളുകളേറെയായി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കുളത്തൂപ്പുഴ പഞ്ചായത്തിലെ യുവജനങ്ങളുടെ കായികകഴിവുകളെ പരിപോഷിപ്പിക്കുന്നതിനാവശ്യമായ കളിസ്ഥലവും പരിശീലനവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് നിർമിച്ച ഓപണ്‍ സ്റ്റേഡിയം 1992ൽ ഗവർണറായിരുന്ന ബി. രാച്ചയ്യ ഉദ്ഘാടനം ചെയ്തതാണ്.
അന്നത്തെ ആഭ്യന്തര സഹമന്ത്രിയായിരുന്ന എം.എം. ജേക്കബ്, അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോടുള്ള ആദര സൂചകമായി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഓപണ്‍ സ്റ്റേഡിയം എന്ന് നാമകരണം ചെയ്തു. എന്നാല്‍, നിര്‍മാണത്തിനുശേഷം നാലുപതിറ്റാണ്ട് പിന്നിട്ടിട്ടും പഞ്ചായത്ത് കളിക്കളത്തിൽ ആധുനീകരണമോ സംരക്ഷണ പ്രവര്‍ത്തനങ്ങളോ നടത്തിയിട്ടില്ലെന്നതാണ് വസ്തുത.
അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലെങ്കിലും ഏതാനും വര്‍ഷങ്ങള്‍ മുമ്പു വരെ കേരളോത്സവത്തിനും മറ്റും ഇവിടെ കായികമത്സരങ്ങളും മറ്റും സംഘടിപ്പിച്ചിരുന്നു. കുേറ കാലമായി പഞ്ചായത്ത് സ്റ്റേഡിയത്തെക്കുറിച്ച് അധികൃതര്‍ മറന്ന മട്ടാണ്.
ഇവിടെ ഉണ്ടായിരുന്ന സ്റ്റേജും അനുബന്ധ മുറികളുടെയും ജനാലകളും കതകുകളും മറ്റും കടത്തിക്കൊണ്ടു പോയ സാമൂഹിക വിരുദ്ധരുടെ താവളമാണ് രാത്രികാലങ്ങളില്‍ ഇവിടം. പകല്‍സമയത്ത് പരിസരവാസികളായ ചില കുട്ടികള്‍ കളിക്കാന്‍ വരുന്നുണ്ടെന്നതാണ് പഞ്ചായത്ത് കളിക്കളം കൊണ്ട് ആകെയുള്ള ഗുണം.
കുളത്തൂപ്പുഴ കേന്ദ്രീകരിച്ച് ആധുനിക രീതിയിലുള്ള സ്റ്റേഡിയം നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തി നല്‍കാന്‍ കഴിഞ്ഞ ഇടതുസര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന രീതിയിലുള്ള പ്രചാരണത്തെ നാട്ടുകാര്‍ ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്. കായികമായി കഴിവുകള്‍ ഏറെയുള്ള കിഴക്കന്‍ മലയോരമേഖലയിലെ യുവജനങ്ങള്‍ക്ക് പരിശീലനത്തിന് ഉപകാരപ്പെടുന്ന തരത്തിലുള്ള ഒരു കളിക്കളം പോലും നിലവില്‍ കുളത്തൂപ്പുഴയിലില്ലെന്നതാണ് യാഥാര്‍ഥ്യം.
കാല്‍പന്തുകളിക്കും ക്രിക്കറ്റിനും വോളിബാള്‍ കളിക്കും താൽപര്യമുള്ള നിരവധി പേരാണ് അകലെയുള്ള സ്വകാര്യ സ്ഥാപനങ്ങളെ പരിശീലനത്തിനായി ആശ്രയിക്കുന്നത്. എന്നാല്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സംബന്ധിച്ച് ഇത് പ്രായോഗികമല്ല.
അതിനാല്‍ സംരക്ഷണമില്ലാതെ ഉപേക്ഷിച്ച പഞ്ചായത്ത് കളിക്കളം സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ ആധുനിക സംവിധാനങ്ങളൊരുക്കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ അധികൃതര്‍ തയാറാകണമെന്നതാണ് കായികപ്രതിഭകളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.