കുളത്തൂപ്പുഴയില്‍ വീണ്ടും മോഷണ ശ്രമം; സി.സി.ടി.വി ദൃശ്യങ്ങളിൽ കള്ളനെ തിരിച്ചറിയാൻ കഴിയുന്നതൊന്നും ലഭിച്ചില്ലെന്ന്
text_fieldsകുളത്തൂപ്പുഴ: കഴിഞ്ഞ രണ്ടാഴ്ചയിലധികമായി കുളത്തൂപ്പുഴ-ഏഴംകുളം പ്രദേശത്ത് വിവിധ സ്ഥലങ്ങളിലായി നിരവധി മോഷണ ശ്രമങ്ങൾ.
കഴിഞ്ഞദിവസം മലയോര ഹൈവേയില്‍ ചന്ദനക്കാവ് പോസ്റ്റ് ഓഫിസ് ജങ്ഷന് സമീപത്തായുള്ള സെന്റ് ജോർജ് ഓര്‍ത്തഡോക്സ് പള്ളിയുടെ കുരിശ്ശടിയോട് ചേര്‍ന്നുള്ള കാണിക്കവഞ്ചി കുത്തിത്തുറക്കാന്‍ ശ്രമം നടന്നു.
പുലര്‍ച്ച പ്രഭാത നടത്തത്തിനെത്തിയ പ്രദേശവാസിയാണ് കുരിശടിയുടെ ഗ്രില്ലിന്റെ പൂട്ട് തകര്‍ന്നു കിടക്കുന്നത് കണ്ട് വിവരം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗ്രില്ല് തകര്‍ത്ത് അകത്തുകടെന്നങ്കിലും കുരിശ്ശടിക്കുള്ളില് സ്ഥാപിച്ചിട്ടുള്ള കാണിക്കവഞ്ചിയുടെ പൂട്ട് പൊളിക്കാന്‍ കഴിയാത്തതിനാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പള്ളി അധികൃതര്‍ പറഞ്ഞു.
സമീപത്തെ വീടുകളിലെല്ലാം ആളുകള്‍ ഉണ്ടായിരിക്കുകയും ഏതു സമയവും വാഹനങ്ങള്‍ കടന്നുപോകുന്ന പാതയോരത്ത് ഇത്തരത്തില്‍ മോഷണ ശ്രമമുണ്ടായത് നാട്ടുകാരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം കണ്ടന്‍ചിറ ഓയില്‍പാം എസ്റ്റേറ്റ് ഓഫിസ് കുത്തിത്തുറന്ന് ലോക്കര്‍ തകര്‍ത്ത് പണം കവര്‍ന്ന സംഭവത്തില്‍ ഇതുവരെ മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മോഷണശ്രമങ്ങള്‍ നടന്ന പ്രദേശത്തെ നിരീക്ഷണ കാമറകളില്‍ നിന്ന് കിട്ടിയ ദൃശ്യങ്ങളില്‍ മോഷ്ടാവിനെ തിരിച്ചറിയാന്‍ കഴിയുന്ന യാതൊന്നും ലഭ്യമാകാത്തതും പൊലീസിനെ കുഴക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.