കുളത്തൂപ്പുഴയാറ്റില്‍നിന്ന് മണല്‍ ശേഖരിക്കാനായില്ല
text_fieldsകുളത്തൂപ്പുഴ: കിഴക്കന്‍ മലയോര മേഖലയിലെ കുളത്തൂപ്പുഴയാറ്റില്‍നിന്ന് മണല്‍ നീക്കം ചെയ്യുന്നതിനായി സമര്‍പ്പിച്ച അപേക്ഷയില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമായെങ്കിലും ഉത്തരവിലെ നിബന്ധനകള്‍ നിമിത്തം തുടർപ്രവർത്തനത്തിന് കഴിയാതെ വനം വകുപ്പ്.
ആഴ്ചകള്‍ക്ക് മുമ്പ് അറിയിപ്പ് വന്നതോടെ സംസ്ഥാനത്തെ 16 നദികളില്‍നിന്ന് മണല്‍ ഖനനം നടത്തി ശേഖരിക്കുന്നതിനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. കേന്ദ്രവനം പരിസ്ഥിതി മന്ത്രായലം നല്കിയ അനുമതിയില്‍ പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ ഖനനം നടത്തുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതായി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ പശ്ചിമഘട്ട മലനിരകള്‍ക്കുള്ളിലൂടെ ഒഴുകുന്ന കുളത്തൂപ്പുഴയാറും പ്രദേശവും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായതിനാല്‍ മണല്‍ ഖനനം അനുവദിക്കാനാവില്ലെന്നുള്ള നിര്‍ദേശമാണ് തടസ്സമായി വന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് സംസ്ഥാന നിർമിതി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കലവറ എന്ന പേരില്‍ കുളത്തൂപ്പുഴയില്‍ മണല്‍ വിതരണകേന്ദ്രം ആരംഭിക്കുകയും വനം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് വില്പന നടത്തുകയും ചെയ്തിരുന്നു. ഭരണമാറ്റം വന്നതോടെ പ്രാദേശികവാദമുന്നയിച്ച സമരങ്ങളെ തുടർന്ന് കലവറ അടച്ചു പൂട്ടുകയായിരുന്നു. നാട്ടുകാര്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയ ആറ്റുമണല്‍ ന്യായ വില്പനകേന്ദ്രം നിര്‍ത്തലാക്കിയത് ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
സി.എസ്.ഐ.ആര്, എന്‍.ഐ.എസ്.ടി തുടങ്ങിയ സ്ഥാപനങ്ങള്‍ സംസ്ഥാന വ്യാപകമായി മണല്‍ ശേഖരിക്കുന്നതിനുള്ള പാരിസ്ഥിതികാഘാത പഠനം നടത്തി തയാറാക്കിയ സർവേ റിപ്പോര്‍ട്ട് പ്രകാരമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 1980 ലെ വനം സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കുളത്തൂപ്പുഴയിലെ സംരക്ഷിത വനമേഖലയിലൂടെ ഒഴുകുന്ന കുളത്തൂപ്പുഴയാറ്റിലെ മണല്ശേഖരിക്കാന് അനുമതി നല്‍കിയത്.
മുന്‍വര്‍ഷങ്ങളില്‍ ആയിരക്കണക്കിനു ലോഡ് ആറ്റുമണലാണ് ചോഴിയക്കോട്, മില്‍പ്പാലം കടവുകളില്നിന്നുമായി ശേഖരിച്ച് വനം വകുപ്പ് ന്യായവിലയ്ക്ക് വിറ്റഴിച്ചത്. രണ്ടു വര്‍ഷത്തിലധികമായി പുഴയില്‍ അടിഞ്ഞു കൂടിയ മണല്‍ നീക്കം ചെയ്യാതെ വന്നതോടെ ആഴം കുറയുകയും പ്രദേശത്ത് ജലക്ഷാമം കൂടുകയും ചെയ്യുന്ന അവസ്ഥയിലാണ്. ഏപ്രില്‍ അവസാനിക്കാറായിട്ടും ഉത്തരവ് സംബന്ധിച്ച വ്യക്തത ഉണ്ടാകാത്തതിനാല്‍ ഇനിയും മണല്‍ ശേഖരണ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.
പരിസ്ഥിതി ദുര്‍ബല പ്രദേശം സംബന്ധിച്ച് അന്തിമ വിജ്ഞാപനം ഇനിയും എത്തിയിട്ടില്ലെന്നിരിക്കെ കുളത്തൂപ്പുഴയാറ്റിലെ മണല്‍ നീക്കം ചെയ്യുന്നതിനു പരിസ്ഥിതി വകുപ്പ് ഉന്നയിക്കുന്ന തടസ്സവാദങ്ങള്‍ മറികടക്കാനുള്ള ശ്രമങ്ങളിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.