ചന്ദനക്കടത്ത്: മുഖ്യ പ്രതിയടക്കം സംഘത്തിലെ മൂന്നുപേര്‍ വനപാലകരുടെ പിടിയില്‍
text_fieldsകുളത്തൂപ്പുഴ: കിഴക്കന്‍ വനത്തില്‍ നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ മുഖ്യപ്രതിയടക്കം മൂന്നുപേര്‍ വനപാലകരുടെ പിടിയിലായി. അഞ്ചല്‍ ആര്‍ച്ചല്‍ ചരുവിള പുത്തന്‍വീട്ടില്‍ ജിജോ (32), വില്ലുമല തടത്തരികത്ത് വീട്ടില്‍ പ്രവീണ്‍രാജ് (20), അമ്പതേക്കര്‍ പള്ളികുന്നുംപുറത്ത് വീട്ടില്‍ പക്രു എന്ന പ്രശാന്ത് (24) എന്നിവരാണ് പിടിയിലായത്.
തെന്മല വനം റെയ്ഞ്ചില്‍ കല്ലുവരമ്പ് സെക്ഷനില്‍ ഉള്‍പ്പെട്ട കുളത്തൂപ്പുഴ വനമേഖലയില്‍ നിന്നാണ് ഏതാനും നാള് മുമ്പ് പ്രതികള്‍ ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയത്. ഡീസന്റ്മുക്ക് ചെക്പോസ്റ്റിന് സമീപത്തെ വനത്തില്‍ നിന്നാണ് ആദ്യ മോഷണം. ഇതില്‍ കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടയില്‍ ഏതാനും നാള് മുമ്പ് വില്ലുമല പേരാംകോവില് വനഭാഗത്ത് നിന്ന് വീണ്ടും ചന്ദനമരം മുറിച്ചുകടത്തുകയായിരുന്നു.
അമ്പതേക്കറില്‍ നിന്ന് പ്രശാന്തിന്റെ ബന്ധുവായ യുവതിയെ വിവാഹം കഴിച്ച ജിജോയാണ് കേസിലെ മുഖ്യ സൂത്രധാരന്‍. മുമ്പ് വനത്തില്‍നിന്ന് ആമകളെ വേട്ടയാടി ചാക്കിലാക്കി കടത്തിയ കേസില്‍ പ്രതിയാണ് പ്രവീണ്‍രാജ്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍കിട ചന്ദനക്കടത്ത് സംഘത്തിലെ കണ്ണികളാണ് പ്രതികളെന്നാണ് വനപാലകര്‍ പറയുന്നത്.
മുറിച്ചിട്ട ചന്ദനമരങ്ങളില്‍ കാതല്‍ ഇല്ലാത്തതിന്റെ പേരില്‍ ഉപേക്ഷിച്ചവ വനത്തിനുള്ളില്‍നിന്ന് വനപാലകർ കണ്ടെത്തിയിരുന്നു. ഈ സമയങ്ങളില്‍ പ്രദേശത്ത് വന്ന് പോയിട്ടുള്ള മൊബൈല്‍ സിഗ്നലുകളുടെ ഉറവിടം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്താന്‍ സഹായിച്ചതെന്ന് വനം റെയ്ഞ്ച് ഓഫിസര്‍ ബി.ആര്. ജയന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.