മലയോര ഹൈവേയുടെ ഓരം ഇടിഞ്ഞുതാണു; അപകടക്കെണി
text_fieldsകുളത്തൂപ്പുഴ: ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷം ഒന്നാകുന്നതിനിടെ, മലയോര ഹൈവേയുടെ ഓരങ്ങളും വശങ്ങളും ഇടിഞ്ഞു താഴുന്നത് നിത്യസംഭവമായി മാറുന്നു. ഏതാനും ദിവസം മുമ്പാണ് കുളത്തൂപ്പുഴ - അഞ്ചല്‍ പാതയില്‍ വലിയേലക്കും പച്ചയില്കടക്കും ഇടയിലെ വളവില്‍ പാതയോരം ഇടിഞ്ഞു താണ് കുഴി രൂപപ്പെട്ടത്.
ടാറിങ്ങിനുള്ളില് രൂപപ്പെട്ട ഗര്‍ത്തത്തിൽ വാഹനങ്ങള്‍ വീണ് അപകടത്തില്‍പെടുന്നത് പതിവായതോടെ സമീപവാസികള്‍ മണ്ണിട്ടു മൂടിയെങ്കിലും ദിവസങ്ങള്‍ കഴിയുന്തോറും വീണ്ടും കുഴിയുടെ ആഴം കൂടുകയാണ്.
പാതയോരത്തെ കുഴി സംബന്ധിച്ച് നാട്ടുകാര്‍ പൊതുമരാമത്ത് അധികൃതര്‍ക്ക് വിവരം നല്‍കിയെങ്കിലും മൂടുന്നതിനോ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നതിനോ അധികൃതര്‍ ഇനിയും തയാറായിട്ടില്ലെന്ന് സമീപവാസികള്‍ പറയുന്നു.
ആഴ്ചകള്‍ക്കു മുമ്പ് കുളത്തൂപ്പുഴ ടൗണിനു സമീപത്ത് ഹൈവേയുടെ സംരക്ഷണ ഭിത്തിയടക്കം പാത പല തവണ ഇടിഞ്ഞു താണത് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പുനര്നിര്മിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ അടുത്ത സ്ഥലത്ത് പാത ഇടിഞ്ഞു താണത്.
നിര്‍മാണ സമയത്ത് വീതി കൂട്ടിയ സ്ഥലത്ത് ശരിയായ വിധത്തില്‍ മണ്ണിട്ട് ഉറപ്പിക്കാതെ ടാറിങ് പൂര്‍ത്തിയാക്കിയതാണ് ഇത്തരത്തില്‍ ഇടിഞ്ഞു താഴുന്നതിനിടയാക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.
നിര്‍മാണത്തിലെ ഗുണനിലവാരമില്ലായ്മയാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നതെന്നും അടിയന്തര നടപടി സ്വീകരിച്ച് അപകട സാധ്യത ഒഴിവാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.