തെരുവുകള്‍ കൈയടക്കി നായ്ക്കൂട്ടം
text_fieldsകുളത്തൂപ്പുഴ: പദ്ധതികൾ പ്രാവർത്തികമാകാതെ വന്നതോടെ, സംഘങ്ങളായി എത്തുന്ന തെരുവുനായ്ക്കൂട്ടങ്ങളെ ഭയന്ന് വഴിനടക്കാനാവാതെ പൊതുജനം. കുളത്തൂപ്പുഴ പഞ്ചായത്ത് 2018-19 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച തെരുവുനായ് വന്ധ്യംകരണവും പുനരധിവാസ കേന്ദ്രവും പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ കല്ലുവെട്ടാംകുഴിയിലെ പൊതുശ്മശാനത്തിനോട് ചേര്‍ന്ന് കെട്ടിടം നിര്‍മിച്ചെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.
പഞ്ചായത്ത് പ്രദേശത്ത് അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് ഒരാഴ്ചയോളം പുനരധിവാസകേന്ദ്രത്തില്‍ പാര്‍പ്പിച്ച ശേഷം തനത് ആവാസവ്യവസ്ഥയിലേക്ക് മടക്കിയയക്കുകയായിരുന്നു പദ്ധതി ലക്ഷ്യം. എന്നാല്‍ കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കി കരാറുകാരന് തുകയും വാങ്ങി പോയതല്ലാതെ നാലുവര്‍ഷത്തിലധികമായി പദ്ധതി പൂര്‍ത്തീകരിക്കാൻ ഒരു തുടര്‍നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല.
ഗ്രാമപ്രദേശങ്ങളിലും ടൗണിലുമടക്കം രാപകൽ വ്യത്യാസമില്ലാതെ തെരുവുനായ്ക്കളുടെ വിളയാട്ടമാണ്. സംഘം ചേര്‍ന്ന് കടിപിടി കൂടി നിരത്തുകളിലേക്ക് ഓടിയിറങ്ങുന്ന ഇവ വിദ്യാര്‍ഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഭീഷണിയാണ്.
സന്ധ്യമയങ്ങിയാല്‍ കുളത്തൂപ്പുഴ ടൗണിലൂടെ പോലും കാല്‍നടയാത്രികര്‍ക്ക് നടന്നുപോകാനാവാത്ത സ്ഥിതിയാണ് വര്‍ഷവും ബജറ്റിൽ തെരുവുനായ് നിയന്ത്രണത്തിന് പ്രഖ്യാപനങ്ങളുണ്ടാകുമെങ്കിലും ഇക്കാലമത്രയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നതാണ് വസ്തുത.
പൊതുജനത്തിന്റെ നികുതിപണമുപയോഗിച്ച് കാടിനു നടുവില്‍ കെട്ടിടം നിര്‍മിച്ച് പാമ്പുവളര്‍ത്തല്‍ കേന്ദ്രമാക്കി പാതിവഴിയിലുപേക്ഷിച്ച തെരുവുനായ് നിയന്ത്രണ പദ്ധതി അടിയന്തരമായി പൂര്‍ത്തിയാക്കി പൊതുജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.