വനപാതയിലെ തെരുവുവിളക്കുകള്‍ കണ്ണടച്ചിട്ട് നാളുകളേറെ; നടപടിയില്ല
text_fieldsകുളത്തൂപ്പുഴ: കാട്ടുമൃഗങ്ങള്‍ നിരന്തരമെത്തുന്ന വനപാതയിലെ തെരുവുവിളക്കുകള്‍ കണ്ണടച്ചിട്ട് നാളുകളേറെയായിട്ടും നടപടി സ്വീകരിക്കാതെ അധികൃതര്‍. കുളത്തൂപ്പുഴ വില്ലുമല പാതയിലെ തെരുവുവിളക്കുകളാണ് മാസങ്ങളായി പ്രവർത്തനരഹിതമായത്. നൂറു കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന ആദിവാസി കോളനികളിലേക്കും അമ്പതേക്കര്‍ പ്രദേശത്തേക്കുമുളള പാതയിലെ ഒരു കിലോമീറ്റര്‍ ദൂരമാണ് വനത്തിനു നടുവിലൂടെ കടന്നുപോകുന്നത്. ഇവിടെ നിരന്തരം കാട്ടാനകളെയും കാട്ടുപോത്തുകളെയും കാണാറുണ്ട്. സന്ധ്യ മയങ്ങിയാല്‍ കാട്ടുപന്നികളുടെ വിഹാര കേന്ദ്രം കൂടിയാണ് ഈ പാത.
ഏതാനും നാള് മുമ്പ് കാട്ടാനകളുടെ ശല്യം രൂക്ഷമായ സമയത്ത് പഞ്ചായത്ത് ഇടപെട്ട് വനപാതയിലെ വൈദ്യുതി തൂണുകളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചതാണ്. എന്നാല്‍, ഇവയില്‍ പലതും ക്രമേണ പ്രവര്‍ത്തനക്ഷമമല്ലാതായി മാറിയെങ്കിലും പകരം സംവിധാനമൊരുക്കാന്‍ അധികൃതര്‍ തയാറായില്ല.
ഇതിനിടെ, 'തൂവെളിച്ചം' പദ്ധതി പ്രകാരം പഞ്ചായത്ത് പ്രദേശമാകെ തെരുവു വിളക്കുകള്‍ സ്ഥാപിച്ചപ്പോഴും ഈ വനപാതയിലെ തകരാറിലായ തെരുവു വിളക്കുകള്‍ മാറ്റി സ്ഥാപിക്കാതെ അധികൃതര്‍ കണ്ണടക്കുകയായിരുന്നു. ദൂരെ സ്ഥലങ്ങളില്‍ ജോലിക്ക് പോയി രാത്രിസമയങ്ങളില്‍ മടങ്ങുന്നവര്‍ പലരും ഭയപ്പാടോടെയാണ് പാതയിലൂടെ കടന്നുപോകുന്നതെന്നും 26 വൈദ്യുതി തൂണുകളുള്ളതില്‍ മൂന്നു തെരുവുവിളക്കുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും അമ്പതേക്കര്‍ ജനവാസ പ്രദേശത്തെ പലയിടത്തും തെരുവുവിളക്കുകള്‍ മിഴി തുറക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.