ടെക്നിക്കല്‍ സ്കൂള്‍ ശാസ്ത്ര സാങ്കേതിക മേള; കര്‍ഷകരെ സഹായിക്കുന്ന പുതിയ വിദ്യയുമായെത്തിയ വിദ്യാര്‍ഥികള്‍ ശ്രദ്ധനേടി
text_fieldsകുളത്തൂപ്പുഴ: കാര്‍ഷികാധിഷ്ഠിത സമൂഹത്തില്‍ കര്‍ഷകരെ സഹായിക്കുന്ന പുതിയ വിദ്യകളുമായെത്തിയ വിദ്യാര്‍ഥികള്‍ ശാസ്ത്ര- സാങ്കേതിക മേളയില്‍ ശ്രദ്ധനേടി. കോഴിക്കോട് ഗവ. ടെക്നിക്കല്‍ ഹൈസ്കൂളിലെ മുഹമ്മദ് അനൂഫ് അവതരിപ്പിച്ച കാട്ടുമൃഗങ്ങളെ ഓടിക്കുന്ന വിദ്യ ഏറെ പ്രശംസ കരസ്ഥമാക്കി.
കൃഷിയിടത്തിലേക്കെത്തുന്ന ക്ഷുദ്രജീവികളായ കാട്ടുപന്നികളെയും മറ്റും തുരത്തുന്നതിനായി സെന്‍സറുകള്‍ ഘടിപ്പിച്ച നിരീക്ഷണ സംവിധാനവും അവക്ക് മുന്നില്‍ ജീവികളോ മറ്റോ എത്തിയാല്‍ സ്വയം പ്രവര്‍ത്തിക്കുന്ന ശക്തിയേറിയ പ്രകാശവും ശബ്ദവും അടങ്ങിയ സുരക്ഷാ സംവിധാനം വളരെ ചെലവു കുറഞ്ഞരീതിയില്‍ തയാറാക്കാമെന്ന് അറിഞ്ഞതോടെ മേള സന്ദര്‍ശിക്കാനെത്തിയ പലരും ഇതിനെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കുന്നുണ്ടായിരുന്നു.
അതുപോലെതന്നെ ഹരിപ്പാട് ടെക്നിക്കല്‍ ഹൈസ്കൂളില്‍ നിന്നെത്തിയ സാബിത്ത് തയ്യല്‍ മെഷീന്‍റെ സഹായത്തോടെ അവതരിപ്പിച്ച പക്ഷികളെ പായിക്കുന്ന വിവിധോദ്ദേശ്യ സംവിധാനവും കാഴ്ചക്കാരുടെ ശ്രദ്ധയെ ആകര്‍ഷിച്ചു. തയ്യല്‍ മെഷീനില്‍ സംവിധാനിച്ചിരിക്കുന്ന ഉപകരണങ്ങളുപയോഗിച്ച് നെല്‍പ്പാടങ്ങളിലും മറ്റും പക്ഷികളെ അകറ്റുന്നതിന് തുടര്‍ച്ചയായി ശബ്ദമുണ്ടാക്കുന്നതിനും പാടത്ത് നിര്‍ത്തുന്ന കോലം രാത്രിയിലും പകലിലും നിര്‍ത്താതെ ചലിപ്പിക്കുന്നതിനും സാധിക്കും.
ഒപ്പം സംവിധാനിച്ചിരിക്കുന്ന സോളാര്‍ പാനലില്‍നിന്നുമുള്ള വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുമെന്നതിനാല്‍ വൈദ്യുതിച്ചിലവും മനുഷ്യഅധ്വാനവും കുറക്കുന്നതിനും അന്തരീക്ഷ താപനിലയും മഴയുടെ അളവും പരിശോധിക്കുന്നതിനും രാത്രി വെളിച്ചമെത്തിക്കുന്നതിനും കഴിയും. ഈ സംവിധാനം കാറ്റിന്‍റെ സഹായത്തോടെയും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് സാബിത്ത് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.